നിപ്പാ പേടി; വീട്ടുമുറ്റത്ത് ചത്തുവീണ വവ്വാലിനെയും കൊണ്ട് പുലിവാലു പിടിച്ച് വീട്ടുകാര്‍

ഒടുവില്‍ വീട്ടുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് വവ്വാലിനെ മറവു ചെയ്തത്

പള്ളുരുത്തി: വീട്ടുമുറ്റത്ത് ചത്തുവീണ വവ്വാലിനെയും കൊണ്ട് വീട്ടുകാരും നാട്ടുകാരും പുലിവാലു പിടിച്ചു. നിപ്പാ പേടിയുള്ളതിനാല്‍ വവ്വാലിന്റെ അടുത്ത് പോകാനോ അതിനെ എടുത്ത് മാറ്റാനോ ആരും തയ്യാറായില്ല. ഒടുവില്‍ വീട്ടുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് വവ്വാലിനെ മറവു ചെയ്തത്.

പള്ളുരുത്തിയിലെ കട്ടത്തറ ജെയ്‌സിങ്ങിന്റെ വീട്ടുവളപ്പിലാണ് വവ്വാലിനെ കണ്ടത്. കേരളത്തില്‍ നിപ്പാഭീതി മാറിയെങ്കിലും വവ്വാലിനെ കണ്ടതോടെ വീട്ടുകാരുടെയുള്ളില്‍ പേടി നിറഞ്ഞു. തുടര്‍ന്ന് ജെയ്‌സിങ്ങ് ആരോഗ്യവകുപ്പ് അധികൃതരെയും പൊതുപ്രവര്‍ത്തകരെയും വിവരമറിയിച്ചു. എന്നാല്‍ പ്രാദേശിക ആരോഗ്യ കേന്ദ്രത്തെ അറിയിക്കാനായിരുന്നു ആരോഗ്യവകുപ്പില്‍ നിന്നുള്ള നിര്‍ദേശം.

ഉടനെ കൊച്ചി നഗരസഭയുടെ ഹെല്‍ത്ത് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രബീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വവ്വാലിനെ മറവ് ചെയ്തു. എന്നാല്‍ ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. വവ്വാലിനെ വീട്ടുമുറ്റത്ത് മറവു ചെയ്താല്‍ എന്തെങ്കിലും കുഴപ്പമാകുമോ എന്നായിരുന്നു പിന്നീടുള്ള സംശയം.

പൊതുപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി നഗരസഭയുടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണെയും ജനപ്രതിനിധികളെയും വിവരം അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ ആരെയും ബന്ധപ്പെടാനായില്ല. ഇതിനിടെ പൊതുപ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിവരമറിയിച്ചപ്പോള്‍ ഡിഎംഒയെ വിളിക്കാന്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് വീണ്ടും ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചു. ആദ്യം നിപ്പായുമായി ബന്ധപ്പെട്ട പ്രത്യേക വിഭാഗത്തെ അറിയിക്കണമെന്ന് നിര്‍ദേശിച്ച ഡിഎംഒ പിന്നീട് വിവരം വെറ്ററിനറി ഡോക്ടറെ അറിയിക്കാന്‍ പറഞ്ഞു. ഉടനെ പള്ളുരുത്തിയിലെ വെറ്ററിനറി ഡോക്ടറെ വിവരം അറിയിച്ചു. നിപ്പാ മൂലം വവ്വാല്‍ ചാകില്ലെന്നും ചത്ത വവ്വാലിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നുമുള്ള വെറ്ററിനറി ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോഴാണ് വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ട സമാധാനം തിരിച്ചു കിട്ടിയത്.

Exit mobile version