സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറി; പിന്നീട് അപമര്യാദയായി പെരുമാറി; തിരുവനന്തപുരത്ത് എഎസ്‌ഐ അറസ്റ്റില്‍

കാറില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപിലെ എഎസ്‌ഐ സുഗുണനെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ എഎസ്‌ഐ യാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാറില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപിലെ എഎസ്‌ഐ സുഗുണനെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു.

ആറ്റിങ്ങലിലേക്കു പോവുകയായിരുന്ന കാറില്‍ വര്‍ക്കലയില്‍ നിന്നാണ് എഎസ്‌ഐ ലിഫറ്റ് ചോദിച്ച് കയറിയത്. ഈ സമയത്ത് സുഗുണന്‍ യൂണിഫോമിലായിരുന്നു. കാര്‍ കല്ലമ്പലം ഭാഗത്തെത്തിയപ്പോഴാണ് എഎസ്‌ഐയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്.

ഇതേ തുടര്‍ന്ന് അയാളെ കല്ലമ്പലത്ത് ഇറക്കിയ ശേഷം സ്ത്രീകള്‍ പിങ്ക് പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് അവര്‍ കല്ലമ്പലം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കല്ലമ്പലം പോലീസ് ഫോണില്‍ വിളിച്ച് ഹാജരാകണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുഗുണന്‍ സ്റ്റേഷനിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Exit mobile version