പന്തപ്ര ആദിവാസി കോളനിക്കാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട്; ഉറപ്പ് നല്‍കി കളക്ടര്‍ സുഹാസ്

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തില്‍പ്പെടുന്ന പന്തപ്ര ആദിവാസി കോളനിക്കാരുടെ വീട് നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ ഉറപ്പ്.

കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തില്‍പ്പെടുന്ന പന്തപ്ര ആദിവാസി കോളനിക്കാരുടെ വീട് നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ ഉറപ്പ്. കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കളക്ടറുടെ പ്രതികരണം.

വന്യമൃഗങ്ങളുടെ ശല്യം കാരണം വാരിയം ആദിവാസി ഊരില്‍ നിന്നും വീടും കൃഷിയിടവും ഉപേക്ഷിച്ചെത്തിയ അറുപത്തിയേഴ് കുടുംബങ്ങളാണ് പന്തപ്രയില്‍ കുടില്‍ കെട്ടി താമസിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഇവര്‍ക്ക് വീട് വയ്ക്കാന്‍ രണ്ടേക്കര്‍ ഭൂമിയും ഒരു വീടിന്റെ നിര്‍മ്മാണത്തിനായി ആറ് ലക്ഷം രൂപയും അനുവദിച്ചിരുന്നു.

എന്നാല്‍, അനുവദിച്ച സ്ഥലം വന ഭൂമിയായതിനാല്‍ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ കാരണം വീട് നിര്‍മ്മാണം നീണ്ട് പോയി. ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി, അടുത്ത മഴക്കാലത്തിന് മുമ്പ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കോളനി നിവാസികള്‍ക്ക് കളക്ടര്‍ ഉറപ്പ് നല്‍കിയത്.

കൂടാതെ, കോളനിവാസികളുടെ കുടിവെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.

Exit mobile version