നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിച്ചു

നാളെ മുതൽ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് ചെക്ക് ഇൻ ചെയ്യാം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിച്ചു. നാളെ മുതലാണ് പുതിയ നടപടി ആരംഭിക്കുക. സാധാരണയുള്ള സമയത്തില്‍ നിന്ന് വ്യത്യസ്തമായി വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ ചെയ്യാം.

സാധാരണയായി വിമാനംപുറപ്പെടുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പാണ് ചെക്ക് ഇന്‍ കൗണ്ടര്‍ തുറക്കുന്നത്. എന്നാല്‍ നാളെ മുതല്‍ മൂന്ന് മണിക്കൂര്‍ മുമ്പ് തന്നെ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. നിലവില്‍ കൊച്ചി വിമാനത്താവളത്തിലൂടെയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് സമയപരിധി വര്‍ധിപ്പിച്ചത്.

നിലവില്‍ അവസാന നിമിഷം എത്തുന്ന യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. ഇത് യാത്രക്കാരില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവള കമ്പനിയായ സിയാല്‍, വിമാനകമ്പനികളോട് ചെക്ക് ഇന്‍ ചെയ്യാനുള്ള സമയം കൂട്ടാന്‍ ആവശ്യപ്പെട്ടത്. രാജ്യാന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യം നിലവിലെ പോലെ മൂന്ന് മണിക്കൂറായി തുടരും.

Exit mobile version