പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; അഞ്ച് മാസമായി ശമ്പളമില്ലാതെ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍!

നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാത്തതെന്നാണ് ഇവരുടെ പരാതി.

തിരുവനന്തപുരം: കേന്ദ്രത്തിന് പിന്നാലെ കേരളത്തിലും ബിഎസ്എന്‍എല്ലിന് തിരിച്ചടി. ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിളിലുള്ള ജീവനക്കാര്‍ക്ക് അഞ്ച് മാസമായി ശമ്പളമില്ലെന്ന് പരാതി. കരാര്‍ ജീവനക്കാര്‍ക്കാണ് അഞ്ച് മാസമായി ശമ്പളം മുടങ്ങിയിരിക്കുന്നത്. നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാത്തതെന്നാണ് ഇവരുടെ പരാതി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പലയിടത്തും കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ പൂട്ടി. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആറായിരത്തോളം കരാര്‍ ജീവനക്കാരാണ് ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇവര്‍ കോണ്‍ട്രാക്ടര്‍മാരെ സമീപിച്ചപ്പോള്‍ ഫണ്ട് കിട്ടിയില്ലെന്നാണ് മറുപടി. കേബിള്‍, ബ്രോഡ്ബാന്‍ഡ് അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ സെന്റര്‍ അസിസ്റ്റന്റ് തുടങ്ങിയ ജോലികളിലാണ് പ്രധാനമായും കരാര്‍ ജീവനക്കാരെ നിയമിച്ചിരുന്നത്.

ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഏറ്റെടുത്തിരുന്നത് മീ ഗാര്‍ഡ്, ഐഐഎംഎസ് എന്നീ കമ്പനികളാണ്. ഈ കമ്പനികള്‍ക്ക് കുടിശ്ശിക വന്നതോടെ ഇവര്‍ പണം നല്‍കുന്നത് നിര്‍ത്തി. ശമ്പളം ആരോട് ചോദിക്കണമെന്ന് ആറിയാത്ത അവസ്ഥയിലാണ് ജീവനക്കാര്‍ ഇപ്പോള്‍.

Exit mobile version