ആചാര സംരക്ഷണത്തിന്റെ പേരില്‍ രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായി ശബരിമല വിഷയത്തെ എടുത്തു; ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് എന്‍എസ്എസ് ബജറ്റ് പ്രസംഗം

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും എന്‍എസ്എസ് ബഡ്ജറ്റ് പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം രാഷ്ട്രീയ വിജയം കൈവരിക്കാനുള്ള അവസരമായി ബിജെപിയും കോണ്‍ഗ്രസും കണ്ടുവെന്ന വിമര്‍ശനവുമായി എന്‍എസ്എസിന്റെ ബജറ്റ് പ്രസംഗം. ഈശ്വര വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കും എന്ന പേരില്‍ നടത്തിയതെല്ലാം രാഷ്ട്രീയ മുതലെടുപ്പ് മാത്രമായിരുന്നുവെന്നും വിമര്‍ശനം ഉണ്ട്.

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും എന്‍എസ്എസ് ബജറ്റ് പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ സാഹചര്യത്തിലാണ് എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തിനായി രംഗത്തെത്തിയത്. എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട വിശ്വാസികള്‍ എതിരാകുന്നു എന്നു കണ്ടപ്പോള്‍ ചുവട് മാറ്റിയ ബിജെപി നിയമ നടപടികള്‍ സ്വീകരിക്കാതെ പ്രക്ഷോഭത്തിലൂടെ യുവതി പ്രവേശനം തടയാനാണ് ശ്രമിച്ചത്.

കേന്ദ്രത്തില്‍ അധികാരമുണ്ടായിരുന്ന ബിജെപി ഗവണ്‍മെന്റ് ഈശ്വര വിശ്വാസവും ആചാരനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്ന വിശ്വാസികളുടെ മൗലിക അവകാശത്തെ സംരക്ഷിക്കാനായ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്. ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ വിശ്വാസികളെ തെരുവിലിറക്കിയ ബിജെപിയുടെയും മോഡി സര്‍ക്കാരിന്റെയും ഇരട്ടത്താപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ കോടതികള്‍ മാത്രമാണ് അഭയമെന്നും വിശ്വാസികള്‍ക്കൊപ്പം എന്‍എസ്എസ് നിലനില്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി ബജറ്റ് പ്രസംഗത്തില്‍ തുറന്ന് പറഞ്ഞു.

Exit mobile version