ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും; സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും സുകുമാരന്‍ നായര്‍

യുഡിഎഫിനുവേണ്ടി വോട്ടുപിടിച്ചെന്ന ആരോപണം തെറ്റാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കോട്ടയം; ഉപതെരഞ്ഞെടുപ്പില്‍ കൈക്കോണ്ട ശരിദൂര നിലപാടിനെ ന്യായീകരിച്ച് വീണ്ടും എന്‍എസ്എസ്. ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്നും, സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസസംരക്ഷണത്തിനാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും യുഡിഎഫിനുവേണ്ടി വോട്ടുപിടിച്ചെന്ന ആരോപണം തെറ്റാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

എന്‍എസ്എസില്‍ പലവിധ രാഷ്ട്രീയ ആദര്‍ശങ്ങള്‍ പിന്തുടരുന്നവരുണ്ട്. അവരുടെ രാഷ്ട്രീയത്തില്‍ സംഘടന ഒരുകാലത്തും ഇടപെട്ടിട്ടില്ല. ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ല, മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എന്‍എസ്എസ് നിലപാടെന്നതിനാല്‍ ഇത്തവണയും ശരിദൂരം പാലിക്കാന്‍ മാത്രമാണ് പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Exit mobile version