പടം എടുത്തിട്ടാല്‍ മതി പട്ടിയെ പിടിക്കും; തെരുവുനായ്ക്കളെ പിടികൂടാന്‍ ആപ്പ് സൗകര്യം ഒരുങ്ങുന്നു

തെരുവുനായ്ക്കളുടെ വന്ധ്യംകരണം പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് പുതിയ ആപ്പ് ഒരുക്കിയിരിക്കുന്നത്

തൃശ്ശൂര്‍: തെരുവുനായ്ക്കളെ പിടികൂടാന്‍ ആപ്പ് സൗകര്യം ഒരുങ്ങുന്നു. ‘സുരക്ഷ’ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പിലൂടെ ജനങ്ങള്‍ക്ക് നായ്ക്കളുടെ ചിത്രങ്ങള്‍ സഹിതം ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ കഴിയും. അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി ജനകീയമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആപ്പ് കൊണ്ടുവരുന്നത്.

തെരുവുനായ്ക്കളുടെ വന്ധ്യംകരണം പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് പുതിയ ആപ്പ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന എട്ട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ആപ്പ് ഉപയോഗിക്കുക. പിന്നീട് എന്‍ജിഒകളുടെ സഹായത്തോടെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

അടുത്തമാസത്തോടെ ആപ്പ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകും. തെരവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം ആപ്പ് ഒരുക്കിയിരിക്കുന്നത്. തെരുവുനായ്ക്കളെ കണ്ടെത്തിയാല്‍ നാട്ടുകാര്‍ക്ക് നേരിട്ടു വിവരംനല്‍കാന്‍ കഴിയുന്ന വിധമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

തെരുവുനായ്ക്കളെ പിടികൂടുന്നതുമുതല്‍ തിരികെ കൊണ്ടുവിടുന്നതുവരെയുള്ള വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്താം. അപ്പിലൂടെ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കറിയാം. പരാതികളും ആപ്പിലൂടെ അറിയിക്കാന്‍ കഴിയും.

Exit mobile version