ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് കണ്ണൂരില്‍; ചര്‍ച്ചയാവുക ശബരിമല സ്ത്രീപ്രവേശനം തന്നെ

സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

കണ്ണൂര്‍: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരില്‍ ചേരും. ശബരിമല സ്ത്രീപ്രവേശനം തന്നെയാകും യോഗത്തില്‍ ചര്‍ച്ചയാവുക. പ്രശ്‌നത്തില്‍ സ്വകാര്യ ബില്‍ ലോക്‌സഭയില്‍ വന്ന സാഹചര്യത്തിലാണ് വീണ്ടും സ്ത്രീപ്രവേശനം ചര്‍ച്ചയാകുന്നത്. പാര്‍ട്ടി സ്വീകരിക്കേണ്ട തുടര്‍ നടപടികളും ചര്‍ച്ച ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്.

കൂടാതെ അംഗത്വ വിതരണം ഊര്‍ജ്ജിതമാക്കുന്നത് പ്രധാനമായി ചര്‍ച്ച ചെയ്യും. സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിലെ പ്രശ്‌നങ്ങള്‍ ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് തന്നെ തുറന്ന് പറയുകയും യുഡിഎഫ് പ്രതിനിധി എന്‍കെ പ്രേമചന്ദ്രന്‍ ശബരിമല വിഷയത്തില്‍ സ്വകാര്യബില്‍ അവതരിപ്പിക്കുകയും ചെയ്തതോടെ വിഷയത്തില്‍ കൃത്യമായൊരു നിലപാട് എടുക്കേണ്ട വെല്ലുവിളി ബിജെപിക്ക് വന്നത്.

യുവതി പ്രവേശനത്തിനെതിരെ നേരത്തെ എടുത്ത ശക്തമായ നിലപാടില്‍ നിന്നും പിന്നോക്കം പോയാല്‍ എതിരാളികളില്‍ നിന്നും വിശ്വാസി സമൂഹത്തില്‍ നിന്നും ഒരേപോലെ പാര്‍ട്ടി വിമര്‍ശനം നേരിടേണ്ടി വരുമെന്നതും ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.

Exit mobile version