പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി കെ സുരേന്ദ്രന്‍ പിന്‍വലിച്ചു; 42,000 രൂപ അടയ്ക്കണമെന്ന് കോടതി, മഞ്ചേശ്വരം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

ഹര്‍ജി പിന്‍വലിച്ചതിനാല്‍ പാല അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നേരിടും.

കൊച്ചി: പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി ബിജെപി ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ കേസിന്റെ ആവശ്യത്തിനായി ചെലവാക്കിയ 42,000 രൂപ അടയ്ക്കണമെന്ന് കെ സുരേന്ദ്രനോട് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഹര്‍ജി പിന്‍വലിച്ചതിനാല്‍ പാല അടക്കമുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നേരിടും. പിബി അബ്ദുള്‍ റസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹര്‍ജി നീണ്ടു പോവുന്നതിനാലാണ്. 87 വോട്ടുകള്‍ക്ക് തന്നെ തോല്‍പ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നു എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. കേസിലെ സാക്ഷികളായ മുഴുവന്‍ ആളുകളെയും ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തീരുമാനം എടുത്തത്.

എന്നാല്‍ കേസ് പിന്‍വലിക്കാന്‍ നിരവധി സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തീരുമാനം നീണ്ടുപോവുകയായിരുന്നു. ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ ജസ്റ്റിസ് സുനില്‍ തോമസ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

Exit mobile version