കേരളത്തിന്റെ വെള്ളം സ്വീകരിക്കണോ എന്ന കാര്യത്തില്‍ തമിഴ്‌നാട് ഇന്ന് തീരുമാനിക്കും; ഉന്നതതല യോഗം ഉച്ചയ്ക്ക്

അതേസമയം കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാടിന് ട്രെയിന്‍മാര്‍ഗം ഇരുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം അറിയിച്ചിരുന്നു

ചെന്നൈ: ചെന്നൈയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് യോഗം. ഇന്നത്തെ യോഗത്തില്‍ വരള്‍ച്ച നേരിടാന്‍ വേണ്ടി അയല്‍സംസ്ഥാനങ്ങളുടെ സഹായം തേടുന്ന കാര്യത്തിലും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാടിന് ട്രെയിന്‍മാര്‍ഗം ഇരുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. ഈ കാര്യത്തിലും തമിഴ്‌നാട് ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനം എടുക്കും. ഇതിനു പുറമെ വരള്‍ച്ച നേരിടാന്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേസമയം ഇന്നലെ ആറു മാസത്തെ കടുത്ത വേനലിന് ശേഷം ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മഴ പെയ്തിരുന്നു. ഗിണ്ടി, മീനമ്പാക്കം, വേലാച്ചേരി, പല്ലാവരം, പോരൂര്‍, കേളമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴ പെയ്തത്.

Exit mobile version