കല്ലട ബസില്‍ യുവതിക്ക് നേരെ ഉണ്ടായ പീഡന ശ്രമം; അന്വേഷണം തുടരും! സഹയാത്രികരില്‍ നിന്ന് മൊഴിയെടുക്കും

ബസിലെ മറ്റ് ജീവനക്കാര്‍, കഴിയാവുന്നത്ര സഹയാത്രികര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം

തിരുവനന്തപുരം: സുരേഷ് കല്ലട ബസില്‍ യാത്ര ചെയ്യവെ യാത്രക്കാരിയായ യുവതിയെ ബസിലെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം ഇന്നും തുടരും. ബസിലെ മറ്റ് ജീവനക്കാര്‍, കഴിയാവുന്നത്ര സഹയാത്രികര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. ഇവരുടെ മൊഴിയെടുത്തതിന് ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.

ഇതിനിടയില്‍ ബസില്‍ വച്ച് അപമാനിച്ചെന്ന് യുവതി പറഞ്ഞ സമയം കണക്കാക്കി കോഴിക്കോട് നഗരത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് തെളിവ് ശേഖരിക്കാനും തേഞ്ഞിപ്പാലം പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി ജോണ്‍സന്‍ ജോസഫിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധയില്‍ തെളിയുകയും ചെയ്തിരുന്നു.

അതേസമയം, തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് പ്രതി ജോണ്‍സണ്‍ ജോസഫ് പറഞ്ഞത്. പരാതിക്കാരിയായ സ്ത്രീ ചാര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിളിച്ച് എഴുന്നേല്‍പ്പിച്ച് ചോദിച്ചതാണെന്നാണ് പ്രതിയുടെ വാദം.

Exit mobile version