തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെപ്പറ്റി പാര്‍ട്ടി തീരുമാനിക്കട്ടെ ; നികേഷ് കുമാര്‍

എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തനെന്ന് എംവി നികേഷ് കുമാര്‍

കണ്ണൂര്‍: അഴിക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തനെന്ന് എംവി നികേഷ് കുമാര്‍. അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നലെ,  താന്‍ വീണ്ടും മത്സരിക്കണമോ എന്ന് ഇടതുമുന്നണി തീരുമാനിക്കട്ടെ എന്നു നികേഷ് കുമാര്‍ വ്യക്തമാക്കി .

ആദ്യം മുതലേ കോണ്‍ഗ്രസ് തനിക്കെതിരെ വ്യക്തിഹത്യയും വര്‍ഗീയ പ്രചരണവും നടത്തിയിരുന്നു. തന്നെ കോടതി വിജയിയായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തെ നിയമപോരാട്ടം ഫലം കണ്ടു. കെഎം ഷാജിയെ അയോഗ്യനാക്കിയതില്‍ നിന്ന് മനസ്സിലാക്കേണ്ടത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യസന്ധമായിരുന്നു എന്നാണെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ ഭിന്നത ഉണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണത്തിനെതിരെ അന്ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെടുത്തത്. ഫലം വന്നപ്പോള്‍ രണ്ടായിരത്തി അറുന്നൂറില്‍ പരം വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ രണ്ടര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതി കിട്ടിയത്. തുടര്‍നടപടികള്‍ കോടതി വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.

അതേസമയം കെഎം ഷാജിക്കെതിരായുണ്ടായ വിധിയെ മേല്‍കോടതികളില്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഷാജിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version