കല്ലട ബസില്‍ യുവതിക്ക് നേരെ ഉണ്ടായ പീഡനശ്രമം: ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍

ബസില്‍ യാത്ര തുടരുന്നതിനിടെ യുവതിയെ ഉറക്കത്തില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു.

തേഞ്ഞിപ്പാലം: സുരേഷ് കല്ലട ബസില്‍ യാത്ര ചെയ്യവെ ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍. സ്ലീപ്പര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയുടെ പരാതിയിലാണ് നടപടി. ബസില്‍ യാത്ര തുടരുന്നതിനിടെ യുവതിയെ ഉറക്കത്തില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. കോഴിക്കോട് വച്ചായിരുന്നു യുവതിക്ക് കല്ലട ബസിനുള്ളില്‍ വച്ച് ദുരനുഭവം ഉണ്ടായത്.

തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. യാത്രക്കാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച ആളെ പിടികൂടുകയും പോലീസിനെ വിളിക്കുകയും ചെയ്തതോടെയാണ് ബസ് നിര്‍ത്തിയത്. പിന്നീട് പോലീസ് എത്തി തേഞ്ഞിപ്പാലത്ത് ബസ് പിടിച്ചെടുത്തു. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട ബസാണ് സുരേഷ് കല്ലട. അതിനു ശേഷവും നിരവധി യാത്രക്കാരാണ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്.

Exit mobile version