ബംഗളൂരു: ഒന്നിനു പിറകെ ഒന്നായി സുരേഷ് കല്ലട ബസിനു നേരെ ഗുരുതര ആരോപണം. അമിത വേഗതയും അശ്രദ്ധമായി ബസ് ഓടിച്ചതും കാരണം ബസ് ഹംപില്‍ ചാടിയതിനെ തുടര്‍ന്ന് യാത്രക്കാരന്റെ തുടയെല്ല് പൊട്ടി. വേദനയെടുത്ത് നിലവിളിച്ച യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ല. പയ്യന്നൂര്‍ സ്വദേശി മോഹനന്‍ പിലാക്കയ്ക്കാണ് കല്ലട ബസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.
അമിതവേഗതയില്‍ അശ്രദ്ധമായിട്ടാണ് ഡ്രൈവര്‍ വണ്ടിയോടിച്ചതെന്ന് മോഹനന്‍ പറയുന്നു. ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലാണ് മോഹനന്‍ ഇരുന്നത്. ബസ് ഹംപില്‍ ചാടിയപ്പോഴാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് മോഹനന്‍ പറയുന്നു. വേദനയെടുത്ത് അലറിവിളിച്ച് അപേക്ഷിച്ചിട്ട് പോലും തന്നെ ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ബസ് നിര്‍ത്തുക പോലും ചെയ്യാതെ വേദന മാറ്റാന്‍ സ്പ്രേ അടിച്ചുതന്നു. മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ബസ് നിര്‍ത്താതെ മിനറല്‍ വാട്ടര്‍ കുപ്പി തന്ന് അതിലേക്ക് മൂത്രമൊഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും മോഹനന്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.
മകന്‍ എത്തിയാണ് മോഹനനെ ബംഗളൂരുവിലെ കൊളംബോ ഏഷ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടയെല്ല് പൊട്ടിയ മോഹനന് രണ്ട് സര്‍ജറി വേണ്ടിവന്നു. മൂന്ന് മാസം ബെഡ് റെസ്റ്റ് വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. വിവരമറിഞ്ഞ് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസില്‍ നിന്ന് വിളിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായി മോഹനന്റെ മകന്‍ സുബീഷ് പറഞ്ഞു.
ഇന്ന് തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും സുബീഷ് അറിയിച്ചു. ഞായറാഴ്ച്ച രാത്രി പയ്യന്നൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയതായിരുന്നു മോഹനന്‍. പയ്യന്നൂര്‍ സ്വദേശിയായ മോഹനനും കുടുംബവും ബംഗളൂരിലാണ് സ്ഥിരതാമസം.
