ഇന്ന് ചേരുന്നത് ബദല്‍ കമ്മിറ്റിയല്ല; ചെയര്‍മാനെ തീരുമാനിക്കുമെന്ന് ജോസ് കെ മാണി; യോഗം ആരംഭിച്ചു

സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പിജെ ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ (എം) ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പിളര്‍പ്പിലേക്ക് എത്തിയതിനു പിന്നാലെ നിര്‍ണായകമായ ഭാവി തീരുമാനിക്കുന്ന യോഗത്തിനു കോട്ടയത്തെ സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ തുടക്കം. പാര്‍ട്ടി സെക്രട്ടറി കെഐ ആന്റണി വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗമാണ് ഉച്ചയോടെ ആരംഭിച്ചത്. അതേസമയം, ഇന്നു ചേരുന്നതു ബദല്‍ കമ്മിറ്റിയല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

കമ്മിറ്റി യോഗത്തെപ്പറ്റി പിജെ ജോസഫ് ഉള്‍പ്പെടെ എല്ലാവരെയും അറിയിച്ചിരുന്നു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പും ഇന്നുണ്ടാകും. പാര്‍ട്ടി ഭരണഘടനപ്രകാരം വ്യവസ്ഥാപിതമാര്‍ഗത്തിലൂടെയാണ് യോഗം വിളിച്ചത്. ഇത് ഫാന്‍സ് അസോസിയേഷന്‍ യോഗമാണെന്ന പിജെ ജോസഫിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

കെഎം മാണിയഉടെ മരണത്തോടെ ഒഴിവു വന്ന പാര്‍ട്ടി ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കേരളാ കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പിജെ ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. ഇത് പിളര്‍പ്പുതന്നെയാണെന്ന നിലപാടിലാണ് പിജെ ജോസഫ്.

Exit mobile version