കേരളത്തില്‍ ചെലവ് കൂടുതലും പദ്ധതികള്‍ നഷ്ടത്തിലും; കേരളത്തോട് വിവേചനമില്ലെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു.

ന്യൂഡല്‍ഹി: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ പാതാ വികസനത്തിനായി കേരളത്തില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കേരളത്തില്‍ മൂന്നോ നാലോ മടങ്ങ് കൂടുതലാണെന്നും മന്ത്രി പറഞ്ഞു. ഇക്കാരണത്താല്‍ പദ്ധതികള്‍ സാമ്പത്തികമായി ലാഭകരമല്ല. ഇപ്പോള്‍ രണ്ട് വരി പാതയില്‍ നിന്ന് ആറ് വരിയിലേക്കാണ് മാറുന്നത്. എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് ചര്‍ച്ച ചെയ്തു. തങ്ങളുടെ ഭാഗത്ത് നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും നിതിന്‍ ഗഡ്കരി മാധ്യമങ്ങളോട് വിശദീകരിച്ചു.

കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഗതാഗതമന്ത്രിയെ കണ്ടത്. നേരത്തെ, കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.

Exit mobile version