മുപ്പത് കോടിയോളം രൂപ കുടിശ്ശിക വരുത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം നിര്‍ത്തി ഏജന്‍സികള്‍

മുപ്പത് കോടിയോളം രൂപ കുടിശ്ശികയായതോടെയാണ് ഏജന്‍സികളുടെ കടുത്ത തീരുമാനം.

medical college | Big news live

കോഴിക്കോട്: രോഗികളെ വലച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന ഏജന്‍സികളുടെ പ്രതിഷേധം. കുടിശ്ശികയായ പണം നല്‍കാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ ഏജന്‍സികള്‍ തീരുമാനിച്ചിരിക്കുകയാണ്. ആഞ്ചിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റുകള്‍ അടക്കം ഇനി നല്‍കാനാവില്ല എന്നാണ് വിതരണ ഏജന്‍സികളുടെ നിലപാട്. മുപ്പത് കോടിയോളം രൂപ കുടിശ്ശികയായതോടെയാണ് ഏജന്‍സികളുടെ കടുത്ത തീരുമാനം.

അതേസമയം, കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് വകയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള പണം വൈകുന്നത് ആണ് കുടിശ്ശിക കൊടുത്ത് തീര്‍ക്കുന്നതിനെ ബാധിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്‍ഷുറന്‍സ് പദ്ധതികളിലെ അമ്പത് കോടിയോളം രൂപ ലഭിക്കാന്‍ വൈകുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇത് ലഭിക്കുന്ന മുറയ്ക്ക് വിതരണക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയും. പ്രശ്ന പരിഹാരത്തിന് ശ്രമിച്ചുവരികയാണെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ സാംബശിവ റാവു അറിയിച്ചു.

എഴുപത്തിയഞ്ചോളം ഏജന്‍സികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും മറ്റ് ഉപകരണങ്ങളും നല്‍കുന്നത്. ഇവര്‍ക്ക് നല്‍കാനുള്ള പണം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കുടിശ്ശികയാണ്. ഈ തുക മുപ്പത് കോടിയോളമായതോടെയാണ് മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ ഏജന്‍സികള്‍ തീരുമാനിച്ചത്. ഹൃദ്രോഗികളുടെ ആഞ്ചിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റ് വിതരണം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മരുന്ന് വിതരണം നിര്‍ത്തിവെക്കുകയാണെന്ന് കാണിച്ച് ഏജന്‍സികള്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

Exit mobile version