ചെല്ലാനത്ത് ശക്തമായ കടലാക്രമണം; മുപ്പതോളം വീടുകളില്‍ വെള്ളം കയറി

കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് ഈ ദുരിതത്തിനൊക്കെ കാരണം

കൊച്ചി: കാലവര്‍ഷം കടുത്തതോടെ ശക്തമായ കടലാക്രമണ ഭീഷണിയിലാണ് ചെല്ലാനം നിവാസികള്‍. ചെല്ലാനത്തെ മുപ്പതോളം വീടുകളിലാണ് ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ വീടുകളിലെ വീട്ടുപകരണങ്ങളൊക്കെ നശിച്ചു. ഈ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ തങ്ങള്‍ ചോര നീരാക്കി പണിത വീട് ഉപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് ചെല്ലാനം നിവാസികള്‍.

രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ മുപ്പത് വീടുകളിലാണ് വെള്ളം കയറിയത്. 150 ലധികം വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് ഈ ദുരിതത്തിനൊക്കെ കാരണം.

ചെല്ലാനം നിവാസികളോട് കഴിഞ്ഞ ഏപ്രിലില്‍ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ വെറും പാഴ് വാക്കാണെന്ന് തെളിയിച്ചിരിക്കുകയാണ് അധികൃതര്‍.
സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമായിട്ടും അധികൃതര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Exit mobile version