അവധി ചോദിച്ച് ഫോണ്‍ വിളിക്കുന്നവരോട് കളക്ടര്‍ അനുപമയ്ക്ക് പറയാനുള്ളത്

മഴ ശക്തമാകുന്നതോടെ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കളക്ട്രേറ്റിലേക്ക് ഫോണ്‍ ചെയ്യുന്നവരോട് പഴയ ഒരു അഭ്യര്‍ത്ഥന ആവര്‍ത്തിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമ.

തൃശ്ശൂര്‍: വീണ്ടും ഒരു മഴക്കാലം കൂടി വരികയാണ്. കഴിഞ്ഞ വര്‍ഷം നമ്മള്‍ നേരിട്ട മഹാപ്രളയത്തെ അതിജീവിച്ച് ഓരോരുത്തരും ജീവിതം മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് മലയാളികളുടെ നെഞ്ചില്‍ ഭീതി പടര്‍ത്തി വീണ്ടുമൊരു മഴക്കാലം കൂടി വന്നെത്തുന്നത്. മഴ ശക്തമാകുന്നതോടെ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കളക്ട്രേറ്റിലേക്ക് ഫോണ്‍ ചെയ്യുന്നവരോട് പഴയ ഒരു അഭ്യര്‍ത്ഥന ആവര്‍ത്തിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമ.

പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കളക്ടര്‍ തന്റെ പഴയ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തിരിക്കുന്നത്. മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി കോളുകളാണ് കളക്ട്രേറ്റില്‍ ലഭിക്കുന്നതെന്നും എന്നാല്‍ ഇത്തരത്തില്‍ നിരന്തരം കോളുകള്‍ വരുമ്പോള്‍ അടിയന്തരാവശ്യങ്ങള്‍ക്കായി വിളിക്കുന്നവര്‍ക്ക് കോള്‍ ലഭിക്കാതെ വരുന്നുന്നുണ്ടെന്നുമായിരുന്നു കളക്ടര്‍ പറഞ്ഞത്.

സഹായത്തിന് വേണ്ടി വിളിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ചെയ്യണമെന്നും കളക്ടര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു. കനത്ത മഴയില്‍ അപകടത്തില്‍ പെടുന്നൊരാള്‍ക്ക് 30 സെക്കന്റ് പോലും നിര്‍ണ്ണായകമാണെന്നും ആ സമയത്ത് കൂടുതല്‍ ഉത്തരവാദിത്തമുള്ള പൗരന്മാരായി പെരുമാറാന്‍ ശ്രമിക്കണമെന്നും ടിവി അനുപമയുടെ അഭ്യര്‍ത്ഥന.

ഒരു അവധി പ്രഖ്യാപിക്കണമെങ്കില്‍ അതിന് കൃത്യമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും തങ്ങളുടെ മുന്നിലുണ്ട്. നിങ്ങളാരേയും ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആവശ്യം വരുന്ന ഘട്ടത്തില്‍ തീര്‍ച്ചയായും അവധി നല്‍കിയിരിക്കും. എന്നാല്‍ അവധി ആവശ്യപ്പെട്ട് കൂട്ടത്തോടെ ഫോണ്‍ കോളുകള്‍ വരുന്നതോടെ ലൈന്‍ ബിസി ആകുകയും കാണാതാവല്‍ പോലുള്ള അപകടങ്ങളില്‍ സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്നവര്‍ക്ക് കോള്‍ ലഭ്യമാകാതെ വരികയും ചെയ്യും.

മനസിലാക്കിയതിന് നന്ദി
സുരക്ഷിത മഴക്കാലം -എന്നായിരുന്നു അനുപമ ഐഎഎസ് ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version