ശബരിമലയെ മറ്റൊരു അയോധ്യയാക്കാന്‍ ഹൈടെക്ക് എസി രഥയാത്രയ്ക്ക് ഒരുങ്ങി ബിജെപി; ഒഡീഷയില്‍ നിന്നും പമ്പയിലേക്കുള്ള യാത്രയ്ക്ക് ചെലവ് 20 കോടി; പിരിവ് ശക്തം!

ന്യൂഡല്‍ഹി: ശബരിമല വിഷയം ദേശീയതലത്തിലെത്തിച്ച് രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ കച്ചകെട്ടിയിറങ്ങി ബിജെപി. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന രഥയാത്രയ്ക്ക് തൊട്ടുപിന്നാലെ രണ്ടുമാസം നീണ്ടു നില്‍ക്കുന്ന വന്‍ ചെലവ് പ്രതീക്ഷിക്കുന്ന എസി രഥയാത്ര തന്നെ ബിജെപി അണിയറയില്‍ ഒരുക്കുന്നുണ്ട്. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നോ അല്ലെങ്കില്‍ ഹരിദ്വാറില്‍ നിന്നോ ആയിരിക്കും ഈ എസി രഥയാത്ര ആരംഭിക്കുക. പിഎസ് ശ്രീധരന്‍ പിള്ള നയിക്കുന്ന രഥയാത്ര നവംമ്പര്‍ 13 നാണ് അവസാനിക്കുന്നത്. ദേശീയ തലത്തില്‍ നടക്കുന്ന യാത്രയുടെ പൈലറ്റ് യാത്രയായിട്ടാണ് ഇതിനെ കാണുന്നത്.

ദേശീയ തലത്തില്‍ വന്‍ ഫണ്ട് പിരിവോടെയാണ് ഈ ഹൈടെക്ക് രഥയാത്ര നടത്തുക. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ അപ്രതീക്ഷിത രഥയാത്ര നീക്കം. വന്‍ തോതില്‍ ഫണ്ട് പിരിവും വോട്ടിനൊപ്പം തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി ലക്ഷ്യമിടുന്നുണ്ട്. മലയാളികള്‍ ഏറെയുള്ള ഡല്‍ഹിയില്‍ പിരിവ് തുടങ്ങുകയും ചെയ്തിട്ടുമുണ്ട്.

മധ്യേന്ത്യ മുതല്‍ തെക്കോട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നു പോകുന്ന യാത്ര പമ്പയില്‍ സമാപിക്കും. മകരവിളക്കിന് സമാപനം എന്ന നിലയിലാണ് പദ്ധതി തയ്യാറാക്കുന്നതെങ്കിലും ഇതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ബിജെപി-മറ്റ്‌സംഘപരിവാര്‍-ആര്‍എസ്എസ് കേന്ദ്ര നേതൃത്വങ്ങളുടെ തലയിലുദിച്ച ഈ ആശയം കണ്ണുവെയ്ക്കുന്നത് ബിജെപിയുടെ ഇച്ഛയ്ക്ക് അനുസരിച്ച് ഇതുവരെ സംഘടിക്കാത്ത തെക്കന്‍ സംസ്ഥാനങ്ങളിലെ ഹിന്ദു വോട്ടുകളാണ്.

അയോധ്യ മോഡല്‍ രഥയാത്രയായ്ക്ക് 20 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നതെങ്കിലും വന്‍ തുക ഇതിലൂടെ സമാഹരിക്കുകയും യാത്രയുടെ പ്രധാന ലക്ഷ്യമാണ്. 15 അംഗങ്ങളുള്ള ട്രസ്റ്റിനാണ് യാത്രയുടെ ചുമതലയെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സാമ്പത്തിക പിരിവിന്റെ ചുമതല കേരളത്തില്‍ നിന്നുള്ള ഒരു പാര്‍ട്ടി എംപിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട ഒരംഗത്തിനാണ്.

രഥയാത്രയുടെ ഭാഗമായി മലയാളികള്‍ ഏറെയുളള ഡല്‍ഹിയില്‍ നിന്ന് സംഭാവന പിരിവ് തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് യാത്രയ്ക്ക് പിരിവ് നടക്കുകയാണ്. നിര്‍ണായകമായ യാത്ര ആര് നയിക്കുമെന്നുള്ളത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെങ്കിലും സന്യാസിമാരോ മത സംഘടനാ നേതാക്കളോ ആയിരിക്കും മുന്‍ നിരയിലുണ്ടാവുക എന്നാണറിയുന്നത്.

Exit mobile version