അഞ്ച് വര്‍ഷമായി പഠിക്കാന്‍ കുട്ടികളില്ല; ഒടുവില്‍ വവ്വാലും കുരങ്ങന്മാരും മരപ്പട്ടിയും താമസമാക്കി; ഇങ്ങനെയുമൊരു സ്‌കൂളുണ്ട് നമ്മുടെ നാട്ടില്‍

മാസത്തില്‍ വല്ലപ്പോഴും മാത്രം ഇങ്ങോട്ട് വന്നുപോകുന്ന പ്രഥമാധ്യാപകനും ശിപായിയും ശമ്പളം വാങ്ങുന്നുണ്ട്

തിരുവനന്തപുരം: പതിവു പോലെ ഇത്തവണയും പ്രവേശനോത്സവത്തില്‍ സ്‌കൂള്‍ തുറന്നു, എന്നാല്‍ പഠിക്കാനായി ഒരു വിദ്യാര്‍ത്ഥി പോലും ബോണക്കാട് ഗവ യുപി സ്‌കൂളിലേക്ക് എത്തിയില്ല. തിരുവനന്തപുരത്തെ പാലോട് ഉപജില്ലയിലെ ബോണക്കാട് ഗവ യുപി സ്‌കൂളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രവേശനത്തിനായി ഒരു കുട്ടിപോലും എത്തിയിട്ടില്ല. മാസത്തില്‍ വല്ലപ്പോഴും മാത്രം ഇങ്ങോട്ട് വന്നുപോകുന്ന പ്രധാനാധ്യാപകനും ശിപായിയും ശമ്പളം വാങ്ങുന്നുണ്ട്.

മൂന്നു പതിറ്റാണ്ട് മുന്‍പ് വരെ മുന്നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയത്തിന് ഇപ്പോള്‍ ഒരു ബോര്‍ഡുപോലുമില്ലാത്ത അവസ്ഥയാണ്. എല്ലാവര്‍ഷവും പ്രവേശനോത്സവത്തിന് കൃത്യമായി സ്‌കൂള്‍ തുറക്കും. പക്ഷേ ഒരു കുട്ടി പോലും ഇങ്ങോട്ട് വരാറില്ല. മറ്റുള്ള സ്‌കൂളുകളില്‍ കുട്ടികളുടെ ഒച്ചപ്പാടും ബഹളവുമുണ്ടാകുമ്പോള്‍ ബോണക്കാട് യുപി സ്‌കൂളില്‍ എന്നും നിശബ്ദത മാത്രമാണ്.

ആളും ബഹളവുമൊന്നുമില്ലെങ്കിലും പഞ്ചായത്ത് അംഗവും ഏക അധ്യാപകനും ശിപായിയും എത്തും. ഇന്ന് ആള്‍ക്കാര്‍ ദയനീയമായി നോക്കിക്കാണുന്ന ഈ സ്‌കൂളില്‍ ഒരുകാലത്ത് പഠിച്ചിറങ്ങിയവരില്‍ കൂടുതല്‍ പേരും ആഭ്യന്തരവകുപ്പിലും റവന്യുവകുപ്പിലും ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.

എന്നാല്‍ നിലവില്‍ അടച്ചിട്ട വിദ്യാലയത്തില്‍ വവ്വാലും മരപ്പട്ടിയും പ്രാവുകളും കുരങ്ങന്മാരുമൊക്കെയാണ് താമസക്കാര്‍. ബോണക്കാട്ടെ ലയങ്ങളില്‍ പട്ടിണി പിടിമുറുക്കിയതോടെയാണ് ഈ വിദ്യാലയത്തിനും ഗതികേട് ആരംഭിച്ചത്. ഇതോടെ സ്‌കൂളിലേക്കുള്ള കുട്ടികളുടെ വരവും നിലച്ചു.

1942ലാണ് ബോണക്കാട് തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കള്‍ക്കായി റേഷന്‍കടയോടു ചേര്‍ന്നുള്ള ചായ്പ്പില്‍ ബ്രിട്ടീഷ് കമ്പനി കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. സ്വതന്ത്ര്യാനന്തരം ഷൈലേഷ് ടി ഫെന്‍സാലി 1972 ല്‍ ഇതിനെ എല്‍പി സ്‌കൂളായി ഉയര്‍ത്തി. 1985നു ശേഷം ബോണക്കാട്ടെ തേയിലത്തോട്ടം കൂപ്പുകുത്തി. ലോക്കൗട്ട് പ്രഖ്യാപിച്ചു. തൊഴിലാളികള്‍ പട്ടിണിയിലായി. ഇതോടെ വിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ വരവും നിലയ്ക്കുകയായിരുന്നു.

പിന്നീട് സ്‌കൂള്‍ തുറന്നപ്പോള്‍ നിരവധി കുട്ടികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. അതിന് ശേഷം പിന്നീടും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ സ്‌കൂള്‍ അടച്ചു പൂട്ടുകയായിരുന്നു. അഞ്ച് വര്‍ഷമായി അടച്ചിട്ടിരിക്കുന്ന ബോണക്കാട് സ്‌കൂളിന്റെ വിശദാംശംങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, പരിഹാരനടപടികള്‍ ഉണ്ടാകുമെന്നും പാലോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെ സിന്ധു പറഞ്ഞു.

Exit mobile version