കടല്‍ത്തീരത്ത് രണ്ട് കാലുകള്‍ മുറിച്ചു മാറ്റിയ നിലയില്‍; സ്ത്രീയുടേതെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു

ഒരു കാല്‍ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാല്‍പ്പാദം വേര്‍പെട്ട് രണ്ടായ നിലയിലുമാണുണ്ടായിരുന്നത്

കൊച്ചി: കടല്‍ത്തീരത്ത് സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയനിലയില്‍ കണ്ടെത്തി. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു സമീപത്തായാണ് കാലുകള്‍ കണ്ടെത്തിയത്. ഒരു കാല്‍ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാല്‍പ്പാദം വേര്‍പെട്ട് രണ്ടായ നിലയിലുമാണുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് വിശദ്ദമായ അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം മത്സ്യത്തൊഴിലാളികളാണ് കടല്‍ത്തീരത്ത് കാലുകള്‍ അടിഞ്ഞനിലയില്‍ കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ കാലുകള്‍ ഒരു സ്ത്രീയുടേതാണെന്ന് സംശയം തോന്നി. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാലുകളില്‍ ഒരു കാല്‍ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാല്‍പ്പാദം വേര്‍പെട്ട് രണ്ടായ നിലയിലുമാണുണ്ടായിരുന്നത്.

നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കാലുകള്‍ ഫോറന്‍സിക് പരിശോധന നടത്തും. സംഭവത്തില്‍ പോലീസ് വിശദ്ദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തകാലത്തു കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കടല്‍ത്തീരത്ത് കണ്ടെത്തിയത് ഇടത് കാലും വലതുകാലും ആയതിനാല്‍ രണ്ടും ഒരാളുടേതാണെന്നാണ് കരുതുന്നത്.

ചികിത്സയുടെ ഭാഗമായി മുറിച്ചുനീക്കിയ കാലുകള്‍ ആശുപത്രിയില്‍നിന്നു കടലില്‍ തള്ളിയതാകാമെന്ന വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ അതു ശരിയല്ലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനുമുമ്പ് ഈ കടല്‍ത്തീരത്ത് വെച്ച് ഒരു മനുഷ്യന്റെ ഉണങ്ങിയ തലയും മറ്റ് ചില ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാലുകള്‍ മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

Exit mobile version