ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കടന്നത് അസമിലേക്ക്; വിവാദ ഡോക്ടര്‍ രവീന്ദ്രന്റെ മകനും സ്ഥലത്തില്ല; അപകട ദിവസം 231 കിലോമീറ്റര്‍ സഞ്ചരിച്ചത് വെറും 2.37 മണിക്കൂര്‍ കൊണ്ട്; അടിമുടി ദുരൂഹത

അതേസമയം, അര്‍ജുന്‍ കേരളം വിട്ടതായി ക്രൈംബ്രാഞ്ച് പറഞ്ഞു.

തൃശ്ശൂര്‍: ബാലഭാസ്‌ക്കറിന്റേയും കുഞ്ഞിന്റേയും മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ വാഹനം അമിതവേഗത്തിലായിരുന്നെന്ന് സൂചന. അര്‍ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും സൂചനയുണ്ട്. അതേസമയം, അര്‍ജുന്‍ കേരളം വിട്ടതായി ക്രൈംബ്രാഞ്ച് പറഞ്ഞു. ഇയാള്‍ അസമിലാണെന്നാണ് സംശയം.

മൊഴി രേഖപ്പെടുത്താനായി തൃശ്ശൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് അര്‍ജുന്റെ മൊഴിയെടുക്കാനായില്ല. അപകടത്തില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലുള്ളയാള്‍ ദൂരയാത്രയ്ക്കു പോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിവാദത്തിലായ പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലെ ഡോക്ടര്‍ രവീന്ദ്രന്റെ മകന്‍ ജിഷ്ണുവും കേരളം വിട്ടതില്‍ സംശയമുണരുന്നുണ്ട്. ഇയാള്‍ ഹിമാലയം യാത്രയ്ക്ക് പോയെന്നാണ് കുടുബത്തിന്റെ മൊഴി.

അതേസമയം, അപകടദിവസം തുടക്കത്തില്‍ വാഹനം ഓടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിക്കാവുന്ന മൊഴിയും ലഭിച്ചിട്ടുണ്ട്. വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്നും കണ്ടെത്തലുണ്ട്. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 2.37 മണിക്കൂര്‍ മാത്രമാണെടുത്തത്. ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചത്.

സ്വര്‍ണ്ണക്കടത്തു കേസില്‍ ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി പിടിയിലായതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം സംബന്ധിച്ച അന്വേഷണം വീണ്ടും സജീവമായത്. ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് അച്ഛന്‍ കെസി ഉണ്ണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

Exit mobile version