ബാലഭാസ്‌കറിന്റെ മരണം; തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി

പാലക്കാട്ടെ തിരുവോഴിയോട്ടുള്ള പൂന്തോട്ടം ആയുര്‍വ്വേദ ആശുപത്രിയിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തിട്ടുണ്ട്

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും ബുക്ക് ചെയ്ത ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. അപകടത്തില്‍പ്പെട്ട ദിവസം ബാലഭാസ്‌കറും കുടുംബവും ഇവിടെ എത്തിയിരുന്നു. പാലക്കാട്ടെ തിരുവോഴിയോട്ടുള്ള പൂന്തോട്ടം ആയുര്‍വ്വേദ ആശുപത്രിയിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയ്ക്ക് വേണ്ടി ‘കൂത്ത്’ വഴിപാട് നടത്താനാണ് കുടുംബം വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. ഇത് കഴിഞ്ഞ് തൃശ്ശൂരില്‍ ഹോട്ടല്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ തങ്ങാതെ ബാലഭാസ്‌കറും കുടുംബവും രാത്രി തന്നെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയായിരുന്നു.

ഇതിനിടെയാണ് അപകടമുണ്ടായത്. റൂം ബുക്ക് ചെയ്തിട്ടും അവിടെ താമസിക്കാതെ മടങ്ങിയത് ദുരൂഹതയുണ്ടാക്കി. തേജസ്വിനിക്കായുള്ള വഴിപാട് ബുക്ക് ചെയ്തത് പാലക്കാട്ടുകാരിയായ ഒരു സ്ത്രീയാണെന്നും അപകടശേഷം ആശുപത്രിയിലെ ഇവരുടെ സാന്നിധ്യം സംശയാസ്പദമാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തൃശ്ശൂരില്‍ തങ്ങാതെ ബാലഭാസ്‌കറിനെയും കുടുംബത്തെയും അന്ന് തന്നെ തിരിച്ചയച്ചത് ഈ സ്ത്രീയാണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. അതേസമയം, ബാലഭാസ്‌കറിന്റെ അപേക്ഷപ്രകാരമാണ് വഴിപാടുകള്‍ നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി.

Exit mobile version