വഴിതെറ്റിച്ച് വന്ന സ്വകാര്യ ബസ് തടസം സൃഷ്ടിച്ചത് 15 മിനിറ്റോളം; ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിലെ രോഗി മരിച്ചു!

നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന വാടാനപ്പള്ളി സംസ്ഥാനപാതയില്‍ ചേറ്റുപുഴ പാടം മുതല്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.

കാഞ്ഞാണി: ഗതാഗത കുരുക്കില്‍പ്പെട്ട് ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു. ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്ത് അബ്ദുള്‍ റഹിമാന്റെ ഭാര്യ ഐഷാബി (67)യാണ് മരിച്ചത്. മനക്കൊടിയില്‍ ചേറ്റുപുഴ പാടത്ത്, തെറ്റായ ദിശയില്‍ കയറി വന്ന സ്വകാര്യ ബസാണ് ഗതാഗത കുരുക്ക് സൃഷ്ടിച്ചത്. ശരീരത്തില്‍ എന്തോ കടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഐഷാബിയെ വാടാനപ്പള്ളി ആക്ട്‌സിന്റെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. ഈ സമയത്ത് മനക്കൊടി ചേറ്റുപുഴ പാടത്ത് വെച്ച് ഗതാഗത കുരുക്കില്‍ പെടുകയായിരുന്നു.

നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന വാടാനപ്പള്ളി സംസ്ഥാനപാതയില്‍ ചേറ്റുപുഴ പാടം മുതല്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇതിനിടെ വരിതെറ്റിച്ച് വന്ന സ്വകാര്യ ബസ് ആംബുലന്‍സിനെ 15 മിനിറ്റോളം തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍ ഇറങ്ങിച്ചെന്ന് ബസ് ഡ്രൈവറോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടു.

തര്‍ക്കത്തിനൊടുവിലാണ് ആംബുലന്‍സിന് കടന്നുപോകാനായതെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ ഐഷാബി മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം ജൂബിലി മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികകുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഐഷാബിയുടെ മക്കള്‍: ഷീജ, ഷാഫി, ഷെഫീര്‍. മരുമകന്‍: റഫീക്ക്. ശവസംസ്‌കാരം ചൂലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Exit mobile version