ടിക്കറ്റിന് 3000 രൂപ വാങ്ങി, യാത്രികരെ പെരുവഴിയില്‍ ഇറക്കി വിട്ടു; സ്വകാര്യ ബസിന് ഒരു ലക്ഷം രൂപ പിഴയിട്ട് ‘പണികൊടുത്ത്’ മോട്ടോര്‍ വാഹന വകുപ്പ്

ബസ് കളിയിക്കാവിളയ്ക്ക് സമീപം ഇഞ്ചിവിളയില്‍ എത്തിയപ്പോള്‍ സര്‍വീസ് അവസാനിച്ചുവെന്ന് പറഞ്ഞ് യാത്രക്കാരെ ഇറക്കി വിടാന്‍ ശ്രമം നടത്തി.

പാറശാല: ഒരു ടിക്കറ്റിന് 3000 രൂപ വീതം വാങ്ങി യാത്രികരെ പെരുവഴിയില്‍ ഇറക്കി വിടാന്‍ ശ്രമിച്ച് സ്വകാര്യ ബസ്. കാര്യം അറിഞ്ഞെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഒരു ലക്ഷം രൂപ പിഴയീടാക്കി. ബംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെ ബസ് പാറശാലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. 32 യാത്രക്കാരുമായാണ് ബസ് സര്‍വ്വീസ് ആരംഭിച്ചത്.

ഒരു ടിക്കറ്റിന് 3000 രൂപ ഈടാക്കുകയും ചെയ്തു. ബസ് കളിയിക്കാവിളയ്ക്ക് സമീപം ഇഞ്ചിവിളയില്‍ എത്തിയപ്പോള്‍ സര്‍വീസ് അവസാനിച്ചുവെന്ന് പറഞ്ഞ് യാത്രക്കാരെ ഇറക്കി വിടാന്‍ ശ്രമം നടത്തി. എന്നാല്‍, തിരുവനന്തപുരം വരെയാണ് ടിക്കറ്റെടുത്തതെന്നും ഇറങ്ങില്ലെന്നും യാത്രക്കാരും അറിയിച്ചു. ഇതോടെ വാക്ക് തര്‍ക്കമായി. തുടര്‍ന്ന് യാത്രക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശേഷം ബസ് വീണ്ടും യാത്ര പുറപ്പെട്ടു. കുറച്ച് ദൂരം പോയ ശേഷം വീണ്ടും വാഹനം നിര്‍ത്തി. മറ്റൊരു ബസില്‍ പോകണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു.

എന്നാല്‍ മാറിക്കയറില്ലെന്ന് യാത്രക്കാര്‍ പറഞ്ഞതോടെ ജീവനക്കാര്‍ ബസില്‍ നിന്നിറങ്ങി പോവുകയായിരുന്നു. യാത്രക്കാരുടെ പരാതിയില്‍ മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി നികുതി അടയ്ക്കാതെ സംസ്ഥാനത്തേക്ക് പ്രവേശിച്ചതിന് ഒരുലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഈടാക്കിയ ടിക്കറ്റ് നിരക്ക് തിരിച്ച് നല്‍കാനും വകുപ്പ് നിര്‍ദേശം നല്‍കി. ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് മുഴുവന്‍ തുകയും ബാങ്ക്അക്കൗണ്ടിലേക്ക് മടക്കി നല്‍കിയ ശേഷമാണ് യാത്രക്കാരെല്ലാം പകരമെത്തിയ വാഹനത്തില്‍ കയറാന്‍ തയ്യാറായത്.

Exit mobile version