കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; നരഹത്യയ്ക്ക് പോലീസ് കേസെടുത്തു

മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാ പിഴവിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. മരിച്ച തോമസിന്റെ മകളുടെ പരാതിയെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാ പിഴവിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ കോളേജിനും രണ്ട് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കുമെതിരെയാണ് കേസ്.

അതേസമയം, രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ വിവരം അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ ഉണ്ടോയെന്ന് പരിശോധിക്കുന്ന തിരക്കിലാണ് ആശയവിനിമയത്തില്‍ പിഴവ് സംഭവിച്ചതെന്നും സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച ഇല്ലെന്നും സൂപ്രണ്ട് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെന്റിലേറ്റര്‍ അന്വേഷിക്കുന്ന തിരക്കില്‍ ഡോക്ടര്‍മാരെ വിവരം അറിയിച്ചില്ല. ഇതാണ് സംഭവത്തില്‍ ഉണ്ടായ ഏക പിഴവ് എന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ജയകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്നലെയാണ് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ ചികിത്സ ആവശ്യപ്പെട്ട് പനി ബാധിച്ച രോഗിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ എത്തിയ ബന്ധുക്കള്‍ വെന്റിലേറ്റര്‍ ആവശ്യപ്പെട്ട് പിആര്‍ഒയെ സമീപിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോ നഴ്സുമാരോ വിവരം അറിഞ്ഞിരുന്നില്ല. രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കിയിരുന്നില്ല. വെന്റിലേറ്റര്‍ ഇല്ലെന്നറിഞ്ഞ ഉടന്‍ ബന്ധുക്കള്‍ രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു

കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്വണ്‍എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ഇയാളെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കി അയച്ചുവെന്നാണ് ആക്ഷേപം.

Exit mobile version