നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ നാടായ വടക്കേക്കരയില്‍ വിവാഹം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

ടക്കേക്കരയില്‍ ആളുകള്‍ കൂട്ടമായി എത്തുന്ന പൊതുചടങ്ങുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം.

കൊച്ചി: നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച ചികിത്സയിലുള്ള യുവാവിന്റെ പഞ്ചായത്തായ വടക്കേക്കരയില്‍ ആളുകള്‍ കൂട്ടമായി എത്തുന്ന പൊതുചടങ്ങുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം. വിവാഹങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പൊതു-സ്വകാര്യ പരിപാടികളും ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ നാളെ തുറക്കാനിരിക്കെ വടക്കേക്കരയിലേയും സമീപപ്രദേശങ്ങളിലേയും സ്‌കൂളുകള്‍ നാളെ തുറക്കണോ എന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ മാത്രമെ അന്തിമ തീരുമാനമുണ്ടാകൂ.

പനി ലക്ഷണങ്ങളോടെയും നിപ്പാ ബാധിതനായ യുവാവുമായി അടുത്ത് ഇടപഴകിയതിനെ തുടര്‍ന്നു നിരീക്ഷണത്തിലുള്ളവര്‍ 21 ദിവസം വരെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 313 പേരാണ് നിരീക്ഷണത്തിലുള്ളതെങ്കിലും നിപ്പാ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിയുമായി നേരിട്ട് ഇടപെട്ടവരെ ഉള്‍പ്പെടുത്തി പ്രത്യേക പട്ടിക തയ്യാറാക്കാനാണ് ശ്രമങ്ങള്‍. ഇവരെയാണ് കൂടുതല്‍ നിരീക്ഷിക്കുക.

വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയിലാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതെങ്കിലും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. വടക്കേക്കരയുടെയും സമീപത്തെയും അഞ്ച് പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി ടീച്ചര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഇന്ന് ബോധവല്‍ക്കരണ ക്ലാസും പരിശീലന പരിപാടിയും തുടങ്ങിയിട്ടുണ്ട്.

Exit mobile version