ബാലഭാസ്‌കറിന്റെ കാണാതായ ഫോണ്‍ എവിടെ? എട്ടുമാസം പിന്നിടുമ്പോള്‍ അന്വേഷണവുമായി പോലീസ്; പ്രകാശ് തമ്പിയെ സംശയം!

നഷ്ടപ്പെട്ട മൊബൈല്‍ ഫോണിനായി അന്വേഷണം ആരംഭിച്ച് പോലീസ്.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉയരുന്നതിനിടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണിനായി അന്വേഷണം ആരംഭിച്ച് പോലീസ്. മരണം നടന്നിട്ട് എട്ടുമാസം പിന്നിടുമ്പോഴാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പിടിയിലാകുന്നതു വരെ പോലീസ് ഫോണിനായി അന്വേഷണം നടത്താതിരുന്നത് വലിയ വിമര്‍ശനത്തിനാണ് കാരണമായിരിക്കുന്നത്.

അപകടത്തിന്റെ തുടക്കം മുതല്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടും ഇക്കാലയളവില്‍ ഒരിക്കല്‍ പോലും ബാലഭാസ്‌കറിന്റെ ഫോണിനെ കുറിച്ച് ആരും അന്വേഷിച്ചിരുന്നില്ല. ഇപ്പോള്‍ കാണാതായിരിക്കുന്ന ഫോണ്‍ പ്രകാശന്‍ തമ്പിയുടെ കൈവശമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്യാന്‍ വേണ്ടി അന്വേഷണ സംഘം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരിക്കുകയാണ്.

അപകടശേഷം വന്ന ഒരു ഫോണ്‍ കോളിനെ കുറിച്ചും ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, മരണശേഷം ബാലഭാസ്‌കറുമായി ബന്ധപ്പെട്ട ഒരു രേഖയും ബന്ധുക്കള്‍ക്ക് കൈമാറാന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന്‍ തമ്പിയും വിഷ്ണുവും തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അതേസമയം, അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്നതിനെ സംബന്ധിച്ച് ഇനിയും പോലീസിന് വ്യക്തത വരുത്താനായിട്ടില്ല. ദൃക്‌സാക്ഷികളും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് പറയുമ്പോള്‍ ഇക്കാര്യം നിഷേധിക്കുകയാണ് അര്‍ജുന്‍. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്നായിരുന്നു ആദ്യം പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ലക്ഷ്മിയുടെ മൊഴി അതിന് വിരുദ്ധമായ സാഹചര്യത്തില്‍ വാഹനം ഓടിച്ചിരുന്ന അര്‍ജുനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version