നിപ്പാ ജാഗ്രത വാര്‍ത്ത നല്‍കിയ ബിഗ് ന്യൂസ് ലൈവിനോട് ഇപ്പോള്‍ എന്തുപറയുന്നു ദേശാഭിമാനി?

ആസ്റ്റര്‍ ആശുപത്രിയുടെ ഇന്റേണല്‍ മെഡിക്കല്‍ ബ്രീഫിങ്ങിലും നിപ്പാ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ബിഗ് ന്യൂസ് ലൈവ് വാര്‍ത്ത നല്‍കിയത്.

തൃശ്ശൂര്‍: ദേശാഭിമാനിയോടും, എറണാകുളം കളക്ടറോടുമുള്ള ഒരു വിയോജിപ്പാണ് ഈ വാര്‍ത്താകുറിപ്പ്. ‘ബിഗ് ന്യൂസ് ലൈവ്’ പത്രത്തിന്റെ പേര് വെച്ച് ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. നിപ്പാ ജാഗ്രത വാര്‍ത്ത ‘ബിഗ് ന്യൂസ് ‘കൊടുത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്നതായിരുന്നു വാര്‍ത്തയിലെ ചുരുക്കം. തികച്ചും കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു ന്യൂസ് ആയിരുന്നു ദേശാഭിമാനി നല്‍കിയത്.

നിപ്പായുടെ ഗൗരവും വ്യാപ്തിയും അറിഞ്ഞു കൊണ്ട് തന്നെ വളരെ വിശ്വാസയോഗ്യമായ റിസോഴ്സ് അടിസ്ഥാനമാക്കിയാണ് ബിഗ് ന്യൂസ് ലൈവ് നിപ്പായുടെ വാര്‍ത്ത കൊടുത്തത്. അതായത് രണ്ടാം തീയതി രാവിലെ പത്തരയോടെയാണ് ബിഗ് ന്യൂസ് വാര്‍ത്ത നല്‍കുന്നത്. നിപ്പായാണെന്ന സ്വകാര്യലാബിന്റെ റിസള്‍ട്ട് ആശുപത്രി അധികൃതര്‍ എറണാകുളം ഡിഎംഓയെ അറിയിക്കുകയും ഡിഎംഓ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി രാവിലെ 8.30 യോടെ ആശുപത്രിയില്‍ എത്തിയതിനും ശേഷം മാത്രം.

തൃശ്ശൂരില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനായി ഹോസ്റ്റലില്‍ താമസിച്ചിരുന്ന, പറവൂര്‍ സ്വദേശിയായ ഇരുപത്തിമൂന്ന് വയസ്സുള്ള എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ ദിവസങ്ങളോളമായി തുടരുന്ന പനി ബാധിച്ച നിലയിലാണ് എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിലേക്ക് ആദ്യം കൊണ്ട് വന്നത് ( പനി ആരംഭിച്ചിട്ട് പത്തു ദിവസത്തോളം വരെ ആയിരിക്കാമെന്നാണ് സൂചന). അവിടെ നിന്നും എംആര്‍ഐ സ്‌കാന്‍ നടത്തി, പിന്നീട് ന്യൂറോളജി ഡിപ്പാര്‍ട്‌മെന്റില്‍ പരിശോധിച്ചു, ശേഷം വാര്‍ഡിലേക്ക് മാറ്റി. ആന്റി ബയോട്ടിക്‌സ് കൊടുത്തിട്ടും പനി കുറയാതെ വന്നതുകൊണ്ടാണ് നിപ്പാ സംശയിച്ച് ടെസ്റ്റിന് അയച്ചത്. എക്സിട്രോണ്‍ എന്ന ലാബില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ നിപ്പാ സ്ഥിരീകരിച്ചിരുന്നു .

ഇന്ത്യയിലെ മണിപ്പാല്‍ പോലെയുള്ള വലിയ ആശുപത്രികള്‍ പോലും വിദഗ്ധ റിപ്പോര്‍ട്ടിന് വേണ്ടി ആശ്രയിക്കുന്ന സ്ഥാപനമാണ് ‘എക്സിട്രോണ്‍ ‘. എക്സിട്രോണ്‍ റിപ്പോര്‍ട്ട് ആധികാരികമല്ല എന്ന് പറഞ്ഞു തള്ളാന്‍ കഴിയുന്ന ഒന്നല്ല.

ആസ്റ്റര്‍ ആശുപത്രിയുടെ ഇന്റേണല്‍ മെഡിക്കല്‍ ബ്രീഫിങ്ങിലും നിപ്പാ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ബിഗ് ന്യൂസ് ലൈവ് വാര്‍ത്ത നല്‍കിയത്.

എടുക്കേണ്ടത് ജാഗ്രതയും പ്രതിരോധവും ആയിരുന്നു. നിപ്പ സ്ഥിരീകരിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ തന്നെ സംശയം ഉണ്ട് എന്ന് പറയുന്നതില്‍ എന്താണ് കുഴപ്പം? അതാണ് വ്യക്തമാകാത്തത്. ഒരു നിമിഷമെങ്കിലും ഒരു നിമിഷം മുമ്പെ ജനങ്ങളോട് പരിഭ്രാന്തരാവണ്ടതില്ല എന്ന് പറയുമ്പോള്‍ തന്നെ ജാഗ്രതയില്‍ ഇരിക്കാന്‍ നിര്‍ബന്ധമായും പറയേണ്ട ഒരു ദുരന്തം തന്നെയാണ് ‘നിപ്പാ’എന്ന് ബിഗ് ന്യൂസ് വിശ്വസിക്കുന്നു. അന്തരീക്ഷത്തില്‍ നിന്നുപോലും പകരാന്‍ സാധ്യത ഉള്ള ഒരു വൈറസ് ആണിത്.

വൈറസ് ബാധിതര്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം പടരാന്‍ സാധ്യതയുമുള്ള രോഗമാണ് നിപ്പാ. സര്‍ക്കാര്‍ നിര്‍ദേശപ്രകാരവും നേരത്തെയുള്ള അനുഭവങ്ങളും അടിസ്ഥാനമാക്കി ജനങ്ങള്‍ സ്വയമെടുക്കുന്ന മുന്‍കരുതലുകളും ജാഗ്രതയുമാണ് രോഗ പ്രതിരോധത്തിനുള്ള ആദ്യ വഴി. അതിന് ജനങ്ങളെ പ്രാപ്തരാക്കുക, ബോധവല്‍ക്കരിക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് ശരിയായ വിവരം കൃത്യസമയത്ത് ജനങ്ങളില്‍ എത്തേണ്ടതുണ്ട്. അതാണ് ശരിയും. ഇതില്‍ എവിടെയാണ് ബിഗ് ന്യൂസിന്റെ വ്യാജന്‍ ഉള്ളത്. പരിഭ്രാന്തരാകേണ്ട എന്ന് പറയുമ്പോള്‍ തന്നെ നിപ്പാ ബാധിച്ചെന്ന്എന്ന് സംശയിക്കുന്ന ചെറുപ്പക്കാരന്‍ ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം ഒബ്സര്‍വേഷന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ജാഗ്രതാ നിര്‍ദേശം കൊണ്ട് ആവും.

സംശയം ഉണ്ട് പക്ഷെ സ്ഥിരീകരിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ അത് ശരിയാണ്. കളക്ടര്‍ മുതല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വര്െ രണ്ടാം തീയതി വാര്‍ത്ത വന്ന ദിവസം പറഞ്ഞത് നിപ്പാ സംശയിക്കുന്നു എന്ന വാര്‍ത്ത വ്യാജമാണ്, വാര്‍ത്ത നല്‍കിയ പോര്‍ട്ടല്‍ ആണ് കുഴപ്പം, അത് വിശ്വസിക്കരുത്, നടപടിയെടുക്കും, ബ്ലോക്ക് ചെയ്യും എന്നൊക്കെയാണ്. അതേസമയം,
മൂന്നാം തീയതി ആയപ്പോഴേക്കും സംശയം ഉണ്ട് എന്നൊക്കെ പറഞ്ഞു തുടങ്ങി. രണ്ടാം തീയതിയില്‍ നിന്ന് പ്രത്യേകിച്ചൊന്നും പുരോഗതിയൊന്നും സംഭവത്തില്‍ മൂന്നാം തീയതി ഉണ്ടായിരുന്നില്ല. ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടതിനു ശേഷവും ദേശാഭിമാനി എന്തിനാവും ‘ബിഗ് ന്യൂസ് ‘ലോഗോ കൊടുത്തു കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്ന് വ്യക്തമാകുന്നില്ല. വാര്‍ത്ത പ്രചരിപ്പിക്കരുത് എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉടനെ, വാര്‍ത്ത സത്യമാണെന്നു അറിഞ്ഞിട്ടും ബിഗ് ന്യൂസ് ലൈവ് പ്രസ്തുത വാര്‍ത്ത പിന്‍വലിച്ചിരുന്നു. എന്നിട്ടും ബിഗ് ന്യൂസിനെതിരായ നിലപാട് തുടര്‍ന്നു എന്നതാണ് ഏറെ വിഷമകരം. നാളിതു വരെയായി സാങ്കല്‍പ്പികമായ ഒരു വാര്‍ത്തയും പടച്ചുവിടാത്ത ഒരു ന്യൂസ് പാര്‍ട്ടലിനോട് എന്തിനായിരുന്നു ഈ വൈര നിര്യാതന സമീപനം.

ബിഗ് ന്യൂസ് ലൈവിന്റെ ‘നിപ്പാ ജാഗ്രത’ വാര്‍ത്ത സര്‍ക്കാരിന് എതിരായിരുന്നില്ല. നിപ്പാ സര്‍ക്കാരിന്റെയോ ദേശാഭിമാനിയുടെയോ പ്രോഡക്റ്റുമല്ല. എന്നിട്ടും നിപ്പാ ‘ വീണ്ടും എന്ന വാര്‍ത്ത നല്‍കിയതില്‍ എന്താണ് പ്രശ്‌നം? കളക്ടറും ഡിഎംഓയും സര്‍ക്കാരും പറയും മുന്‍പ് ബിഗ് ന്യൂസ് പറഞ്ഞു എന്നതാണോ പ്രശ്‌നം? വിഷയത്തില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന സമീപനമാണ് ദേശാഭിമാനി പത്രവും എറണാകുളം ജില്ലാ കളക്ടറും സ്വീകരിച്ചത്.

ഒരു അണക്കെട്ട് പൊട്ടും എന്ന സൂചന ഉണ്ടെങ്കില്‍ പൊട്ടി കഴിഞ്ഞിട്ടാണോ അതോ പൊട്ടുന്നതിനും മുമ്പ് സൂചന ഉണ്ടെങ്കില്‍ അതാണോ വാര്‍ത്തയായി നല്‍കേണ്ടത് ? ആകെ സംശയമായിരിക്കുന്നു.

Exit mobile version