ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ല, ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല; ഡിഎംഒ

ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു

ഇടുക്കി: ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍ പ്രിയ വ്യക്തമാക്കി. നിപ രോഗം ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും ഡിഎംഒ പറയുന്നു. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

തൊടുപുഴയില്‍ പഠിക്കുന്ന എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി തൊടുപുഴയില്‍ സ്ഥിരതാമസമില്ലായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി വിദ്യാര്‍ത്ഥി എവിടെയായിരുന്നു എന്ന് കണ്ടെത്തണമെന്നും ഇടുക്കി ഡിഎംഒ എന്‍ പ്രിയ ആവശ്യപ്പെട്ടു.

തൊടുപുഴയില്‍ വിദ്യാര്‍ത്ഥി പഠിച്ച കോളേജിലും, താമസിച്ചിരുന്ന കോളേജിന് സമീപത്തെ വീട്ടിലും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഇവിടെ ജാഗ്രത തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ സുഹൃത്തായ ഒരാള്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിപ ബാധിച്ച വിദ്യാര്‍ത്ഥിയെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും മറ്റൊരാള്‍ക്കും അസ്വസ്ഥതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.

Exit mobile version