നെയ്യാറ്റിന്‍കര കൊലപാതകം; സനലിന്റെ മരണകാരണം തലക്കേറ്റ ക്ഷതം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

യുവാവിന്റെ വാരിയെല്ലും വലതു കൈയും ഒടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ ക്ഷതമാണ് സനലിന്റെ മരണകാരണന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. യുവാവിന്റെ വാരിയെല്ലും വലതു കൈയും ഒടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. വാഹനത്തിന്റെ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം നാളെ നല്‍കും.

അതേസമയം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഡിവൈഎസ്പി ബി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാര്‍ മദ്യമൊഴിച്ചുകൊടുത്തെന്നും, കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും സഹോദരി ആരോപിച്ചു.

Exit mobile version