പ്രണയിച്ചു വിവാഹിതരായ നവദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: മൂന്നു മാസം മുന്‍പ് പ്രണയിച്ചു വിവാഹിതരായ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പനയം ചെമ്മക്കാട് മഠത്തില്‍ കാവിനു സമീപം വിഷ്ണു ഭവനില്‍ വിഷ്ണു (23), ഭാര്യ പുത്തൂര്‍ സ്വദേശിനി ആര്യ (21) എന്നിവരെയാണു വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ 4 മണിയോടെയാണു സംഭവം. വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഇരുവരും വിവാഹിതരാവുകയും വിഷ്ണുവിന്റെ വീട്ടില്‍ താമസിച്ചു വരികയുമായിരുന്നു. ഡാന്‍സറാണ് വിഷ്ണു.

ആര്യ ഗര്‍ഭിണിയാണെന്നറിഞ്ഞ മാതാപിതാക്കള്‍ മകളെ കാണാനായി ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയപ്പോള്‍ ഇവരുടെ കിടപ്പുമുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു. വിഷ്ണുവിന്റെ പിതാവും വീട്ടിലുണ്ടായിരുന്നു. വിളിച്ചിട്ടു വാതില്‍ തുറക്കാതായതോടെ ഇവര്‍ കതക് ചവിട്ടിത്തുറന്നപ്പോള്‍ ഇരുവരും ഷാളില്‍ തൂങ്ങി നില്‍ക്കുന്നതാണു കണ്ടത്. പോലീസ് ജീപ്പില്‍ ഇരുവരെയും മതിലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Exit mobile version