ബാലഭാസ്‌ക്കറിന്റെ മരണം; സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ബാലഭാസ്‌കര്‍ മരണപ്പെടാന്‍ ഉണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌ക്കറുമായി ബന്ധമുണ്ടെന്നുമുളള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക ഇടപാടുകളെ പറ്റി അന്വേഷിക്കാന്‍ ഉത്തരവിട്ടത്.സമഗ്രമായ അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി വിശദമാക്കി.

കഴിഞ്ഞ വര്‍ഷമാണ് ബാലഭാസ്‌കര്‍ മരിച്ചത്. സെപ്തംബര്‍ 24ന് ഉണ്ടായ റോഡപകടത്തില്‍ ഗുരുതര പരിക്ക് പറ്റിയ ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച ബാലഭാസ്‌കറിന്റെ പിതാവ്, മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

Exit mobile version