മോഡിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടിയെ ഇന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അബ്ദുള്ളക്കുട്ടി പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചത്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അബ്ദുള്ളക്കുട്ടി പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അബ്ദുള്ളക്കുട്ടിയോട് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം തയ്യാറായില്ല.

ഇത് സംബന്ധിച്ച് ഔദ്യോഗിക നടപടികള്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാണ് മോഡിയെ സ്തുതിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസിറ്റിട്ടത്. സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കെപിസിസി കത്ത് നല്‍കിയിരുന്നു. എന്നാല്‍, വിശദീകരണം നല്‍കാന്‍ അദ്ദേഹം തയാറായില്ല. കൂടാതെ തനിക്ക് കെപിസിസിയുടെ കത്ത് ലഭിച്ചില്ലെന്ന് മറുപടിയും നല്‍കി.

തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് വീണ്ടും ഇമെയില്‍ വഴിയും രജിസ്‌ട്രേഡ് തപാല്‍ വഴിയും പാര്‍ട്ടി കത്ത് അയച്ചു. ഇത് അബ്ദുള്ളക്കുട്ടി കൈപ്പറ്റിയിരുന്നെങ്കിലും അതിനും വിശദീകരണം നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നടപടിയിലേക്ക് കടക്കുന്നത്. മോഡിയെ പിന്തുണച്ച അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പും നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. അതേ സമയം തന്റെ നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി അബ്ദുള്ളകുട്ടി മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുകയും ചെയ്തു.

Exit mobile version