കാന്‍സറില്ലാത്ത രോഗിക്ക് കീമോ, ദാരുണം; ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവില്ല, ചികിത്സയ്ക്ക് കാരണം സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട്

ആലപ്പുഴ: കാന്‍സറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം വിവാദത്തില്‍. ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കും മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ തെറാപ്പിക്ക് വിധേയയാകേണ്ടി വന്നത്. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാക്ക് സംഭവത്തില്‍ പിഴവ് പറ്റിയിട്ടില്ല എന്നും
സ്വകാര്യ ലാബിന് സംഭവിച്ച തെറ്റാണാണെന്നും റിപ്പോര്‍ട്ട് പുറത്ത്‌വന്നു. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും. അതേസമയം ചികിത്സയില്‍ ഗുരുതര പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യവും ശക്തമായി.

യുവതിക്ക് കാന്‍സറാണെന്ന റിപ്പോര്‍ട്ട് സ്വകാര്യ ലാബില്‍ നിന്ന് കിട്ടിയ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങുകയായിരുന്നു. പിന്നീട് പത്തോളജി ലാഭിലും ആര്‍സിസിയിലും നടത്തിയ പരിശോധനയില്‍ കാന്‍സറില്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി രജനി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഒരുമാസം മുമ്പ് പരാതി നല്‍കി. നാലംഗ മെഡിക്കല്‍ സമിതിയുടെ നേതൃത്വത്തില്‍ അന്ന് അന്വേഷണം നടന്നു. ഡോക്ടര്‍മാരുടെ ഭാഗത്തു തെറ്റ് സംഭവിച്ചിട്ടില്ലെന്നും സ്വകാര്യ ലാബിനാണ് പിഴവ് പറ്റിയതെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കൈമാറി. ഇതേ റിപ്പോര്‍ട്ട് തന്നെയായിരിക്കും മന്ത്രിയുടെയും മുന്നിലെത്തുക. ലാബിന് പിഴവ് പറ്റിയതായി കണ്ടെത്തിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ലാബ് ഉടമകള്‍ക്ക് പുറമെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്തെത്തി. പരാതിക്കാരിയെ ചികിത്സിച്ച ആര്‍എംഒ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുണ്ടായതായും സംശയിക്കുന്നു.

‘മാറിടത്തില്‍ മുഴ കണ്ടാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പന്തളത്തെ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പില്‍ സെയില്‍സ് ഗേളാണ്. ആ വരുമാനം കൊണ്ടാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ എനിക്കും 8 വയസ്സുള്ള മകള്‍ക്കും മാതാപിതാക്കള്‍ക്കും കഴിയേണ്ടത്. അടൂരിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയതിനു ശേഷം ഇന്നുവരെ മനസ്സമാധാനം ലഭിച്ചിട്ടില്ല. മേശപ്പുറത്തു നിറയെ ചികിത്സാരേഖകളും പരിശോധനാ ഫലങ്ങളും നിരത്തിവച്ചു രജനി പറയുന്നു.

ഫെബ്രുവരി 28 ന് ആണ് രജനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതോളജി ലാബില്‍ പരിശോധന ഫലം കിട്ടാന്‍ ഒരു മാസത്തോളം വൈകുമെന്നതിനാല്‍ കോട്ടയത്തെ സ്വകാര്യ ലാബില്‍ കൂടി പരിശോധിക്കാന്‍ ഡോക്ടറാണു നിര്‍ദേശിച്ചത്.

”ഒരാഴ്ചയ്ക്കുള്ളില്‍ സ്വകാര്യ ലാബിലെ ഫലം വന്നു. അടിയന്തരമായി കീമോ ചെയ്യണമെന്നും മെഡിക്കല്‍ കോളേജ് ലാബിലെ ഫലം വരുമ്പോഴേക്കും കൂടുതല്‍ ഭാഗത്തേക്കു കാന്‍സര്‍ വ്യാപിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. അതനുസരിച്ച്, മാര്‍ച്ച് 19 ന് ആദ്യത്തെ കീമോ ചെയ്തു. ഏപ്രില്‍ 9 ന് രണ്ടാമത്തെ കീമോയ്ക്കുള്ള തീയതിയും കുറിച്ചു. എന്റെ മുടിയെല്ലാം കൊഴിഞ്ഞു. ശരീരം തളര്‍ന്നു. വായ് പൊള്ളിയടര്‍ന്നു.”എന്നും യുവതി പറയുന്നു.

Exit mobile version