ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം, മുപ്പതിലധികം കുട്ടികള്‍ക്ക് സുരക്ഷിത ഇടമൊരുക്കി എയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ അംഗന്‍വാടി

കോഴിക്കോട്: കഴിഞ്ഞവര്‍ഷമാണ് നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് നഴ്‌സ് ലിനിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിരവധി പേര്‍ പ്രണാമം അര്‍പ്പിച്ചു. അവരുടെ മക്കളുടെ ഭാവി ഭദ്രമാക്കാന്‍ വേണ്ട കാര്യങ്ങള്‍ നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ ചെയ്ത് നല്‍കിയിരുന്നു. ഇപ്പോള്‍ ഇതാ ലിനിയുടെ സ്മരണ നിലനിര്‍ത്താന്‍ നാട്ടുകാരുടെ സ്‌നേഹ കൂട്ടായ്മ. സ്വന്തമായി വാങ്ങിയ മൂന്ന് സെന്റില്‍ എയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ അംഗന്‍വാടി കെട്ടിടം പണിതീര്‍ക്കും. മുപ്പതിലധികം കുട്ടികള്‍ക്ക് സുരക്ഷിത ഇടമൊരുങ്ങുന്നതിലൂടെ ലിനിക്ക് അര്‍ഹമായ സ്മാരകമാകും.

ലിനിയെ അടുത്തറിയുന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേര്‍ന്നാണ് ഈ പദ്ധതി സാക്ഷാത്കരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം വാട്‌സ്ആപ്പ് ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രണ്ട് ലക്ഷം രൂപ ശേഖരിച്ചു. ചെമ്പനോട മസ്ജിദുല്‍ ഫാറൂഖ് മഹല്ല് കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ഒരു ലക്ഷം നല്‍കി. മൂന്ന് ലക്ഷം രൂപയില്‍ ഭൂമി സ്വന്തമാക്കി. ആറ് മാസത്തിനുള്ളില്‍ കുറത്തിപ്പാറയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി ഇവിടേക്ക് മാറും. മന്ത്രി ടിപിരാമകൃഷ്ണനും പഞ്ചായത്ത് ഭരണസമിതിയും കെട്ടിട നിര്‍മ്മാണത്തിന് സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. കെട്ടിടം നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറുന്നത് വരെ എയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് വിശ്രമമുണ്ടാകില്ല.

Exit mobile version