നിപ്പാ ബാധിച്ചെന്ന് സംശയം.! യുവാവിന്റെ പരിശോധനാ ഫലം ഇന്ന് വരും, നിര്‍ണ്ണായകം

കൊച്ചി: കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് യുവാവിന് നിപ്പാ ആണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് കേരളം വീണ്ടും ആശങ്കയിലായി. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്നും സംശയം മാത്രമാ
ണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. പനിബാധിച്ച യുവാവിന്റെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭ്യമാകും. യുവാവ് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

യുവാവിന് നിപ്പാ ആണെന്ന സംശയം നിലനില്‍ക്കെ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കും പരിശോധനയ്ക്കായി യുവാവിന്റെ രക്ത സാമ്പിള്‍ അയച്ചിട്ടുണ്ട്. മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.

പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞിരുന്നു. ലക്ഷണം കണ്ടാല്‍ പരിശോധിക്കുന്നത് സാധാരണനടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Exit mobile version