വീട്ടമ്മ അറിയാതെ അക്കൗണ്ട് നമ്പര്‍ മനസിലാക്കി ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണവും മൊബൈല്‍ ഫോണും വാങ്ങി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

അക്കൗണ്ട് നമ്പര്‍ മനസ്സിലാക്കിയ അജേഷ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി സ്വര്‍ണം, മൊബൈല്‍ ഫോണ്‍, ടിവി, മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെ വാങ്ങി

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴി നാലുലക്ഷം രൂപ തട്ടിയ ഓട്ടോഡ്രൈവര്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ കയ്യൂരി ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്പ്രാല്‍താഴെ അജേഷ് കുമാറി(26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തനിച്ച് താമസിച്ചിരുന്ന വീട്ടമ്മ പുറത്ത് പോകാനും മറ്റ് സഹായത്തിനുമായി അജേഷിനെയാണ് വിളിച്ചിരുന്നത്. ബാങ്ക് ഇടപാടുകള്‍ക്കും അജേഷിന്റെ സഹായം തേടിയിരുന്നു. ഇതിലൂടെ അക്കൗണ്ട് നമ്പര്‍ മനസ്സിലാക്കിയ അജേഷ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് വഴി സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍, ടിവി, മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെ വാങ്ങി.

എന്നാല്‍ വീട്ടമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല. പാസ്ബുക്ക് പതിപ്പിക്കുന്നതിനായി ബാങ്കിലെത്തിയപ്പോഴാണ് പല തവണയായി തുക പിന്‍വലിച്ചതായി വീട്ടമ്മ കണ്ടത്. പിന്നീട് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അജേഷിന്റെ തട്ടിപ്പ് മനസ്സിലാക്കിയത്.

Exit mobile version