ആലപ്പുഴയിലെ തോല്‍വി ദയനീയം; കെപിസിസി യോഗത്തില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ വിട്ടുനിന്നു

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്ത യോഗത്തില്‍ ആലപ്പുഴയിലെ ദയനീയമായ തോല്‍വി പ്രധാന ചര്‍ച്ചയാകും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള കെപിസിസി യോഗത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ വിട്ടുനിന്നു. നോമ്പ് കാലമായതുകൊണ്ടും, അവസാനത്തെ പത്തുദിവസമായതിനാലുമാണ് യോഗത്തില്‍ താന്‍ പങ്കെടുക്കാതിരിക്കുന്നതെന്നാണ് ഷാനിമോളുടെ
വിശദീകരണം.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്നാണ് ഷാനിമോള്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത് എന്ന സൂചനയും ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന
യോഗത്തില്‍ ആലപ്പുഴയിലെ ദയനീയമായ തോല്‍വി പ്രധാന ചര്‍ച്ചയാകും. കൂടാതെ വരാനിരിക്കുന്ന ഉപതെരഞ്ഞടുപ്പ് ഒരുക്കങ്ങളും, പുനസംഘടനയുടെ മാനദണ്ഡങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കെപിസിസി ഭാരവാഹികള്‍ക്ക് പുറമെ ഡിസിസി അധ്യക്ഷന്മാരും സ്ഥാനാര്‍ത്ഥികളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വ്യക്തിപരമായ പരാതിക്കില്ല. പാര്‍ട്ടി തലത്തില്‍ ആവശ്യമെങ്കില്‍ അന്വേഷണം നടത്താമെന്നുമാണ് ഷാനിയുടെ നിലപാട്. ആലപ്പുഴ നഗരസഭയിലും ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലും യുഡിഎഫിന് ഗണ്യമായി വോട്ടുകുറഞ്ഞിരുന്നു. ഇക്കാര്യം നേരത്ത തന്നെ ഷാനിമോള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു.

Exit mobile version