‘ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോഡിയെ ജനപ്രിയനാക്കിയത്’; വീണ്ടും നരേന്ദ്ര മോഡിയെ സ്തുതിച്ച് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഡിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയത് ഇതിനോടകം തന്നെ ചര്‍ച്ച വിഷയമായിട്ടുണ്ട്

കണ്ണൂര്‍: ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോഡിയെ ജനപ്രിയനാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. വന്‍ വിജയം നേടി വീണ്ടും അധികാരത്തില്‍ എത്തിയ മോഡിയെ വാഴ്ത്തി തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഡിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് തന്നെ രംഗത്തെത്തിയത് ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോഡിയെ സ്തുതിച്ചത്. പ്രതിപക്ഷക്കാര്‍ക്ക് മാത്രമല്ല ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. നരേന്ദ്ര മോഡിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റി വെച്ച് നിഷ്പക്ഷമായി ഇക്കാര്യങ്ങള്‍ വിശകലനം ചെയ്യണം.
ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ മോഡി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ് അദ്ദേഹത്തെ ഇത്രത്തോളം ജനപ്രിയനാക്കിയതിന്റെ രഹസ്യമെന്നും അദ്ദേഹം കുറിച്ചു.
നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന ഗാന്ധിയന്‍ മൂല്യമാണ് മോഡി പിന്തുടര്‍ന്നത്.

സ്വച്ഛ് ഭാരതും ഉജ്വല യോജന സ്‌കീമും ഇതിന് ഉത്തമ ഉദാഹരണമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മുന്‍ സിപിഎം നേതാവായ അബ്ദുള്ളക്കുട്ടി ഇതിന് മുമ്പും മോഡി അനുകൂല പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മോഡിയുടെ വികസനത്തെ കുറിച്ചുള്ള ഒരു പ്രസ്താവനയാണ് അബ്ദുള്ളക്കുട്ടി സിപിഎമ്മുമായി അകലാന്‍ കാരണമായത്.

Exit mobile version