വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തിലും വെളളിയിലും കുറവുണ്ടെന്ന പ്രചാരണം ശബരിമലയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗം; ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍

ഭക്തര്‍ വഴിപാടായി നല്‍കുന്ന സ്വര്‍ണ്ണം, ഭണ്ഡാരം വഴി ലഭിക്കുന്ന സ്വര്‍ണ്ണം എന്നിവ 2017 കാലയളവിന് ശേഷം ശബരിമലയിലെ ഫോര്‍എ രജിസ്റ്ററില്‍ രേഖപ്പെടുത്തും

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തിലും വെളളിയിലും കുറവ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിങ് സംഘം ദേവസ്വം ഓഫീസിലെത്തി. അതേസമയം ശബരിമലയിലെ വഴിപാട് സ്വര്‍ണ്ണത്തില്‍ കുറവില്ലെന്നും ശബരിമലയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചാരണമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

പത്തനംതിട്ട ദേവസ്വം ഓഫീസിലാണ് ഓഡിറ്റിങ് സംഘം പരിശോധനയ്ക്കായി എത്തിയത്. ഓഡിറ്റിങ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം സ്‌ട്രോങ് റൂം മഹസര്‍ ഓഫീസിലെത്തിച്ചിട്ടുണ്ട്. മഹസര്‍ പരിശോധിച്ചശേഷം സ്‌ട്രോങ് റൂം തുറന്നുപരിശോധിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 2017 മുതലുളള മൂന്നുവര്‍ഷത്തെ വഴിപാട് സ്വത്തുവിവരങ്ങളാണ് ഓഡിറ്റിങ് വിഭാഗം അന്വേഷിക്കുന്നത്.

ഭക്തര്‍ വഴിപാടായി നല്‍കുന്ന സ്വര്‍ണ്ണം, ഭണ്ഡാരം വഴി ലഭിക്കുന്ന സ്വര്‍ണ്ണം എന്നിവ 2017 കാലയളവിന് ശേഷം ശബരിമലയിലെ ഫോര്‍എ രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഇത്തരത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത് പിന്നീട് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുമ്പോള്‍, അത് രജിസ്റ്ററിലെ 8ാം നമ്പര്‍ കോളത്തില്‍ രേഖപ്പെടുത്തണം. വഴിപാടായി ലഭിച്ച സ്വര്‍ണം എത്ര അളവില്‍ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയെന്നത് ഈ കോളത്തില്‍ കൃത്യമായി ചേര്‍ത്തിരിക്കണം

എന്നാല്‍ ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ മാറ്റിയ 40 കിലോ സ്വര്‍ണ്ണത്തിന്റെയും
100കിലോ വെള്ളിയുടെയും കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് ശബരിമലയുടെ ആറന്മുളയിലുള്ള സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്താന്‍ ഓഡിറ്റ് വിഭാഗം ഇന്നലെ തീരുമാനിച്ചത്.
വഴിപാടായി ഇത്രയേറെ സ്വര്‍ണ്ണം ലഭിച്ചെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ശബരിമലയിലെ രേഖകളില്‍ രേഖപ്പെടുത്താത്ത സ്വര്‍ണ്ണത്തിന്റെ കണക്ക്, ആറന്മുളയിലെ സ്‌ട്രോംഗ് റൂമിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്.

ശബരിമലയില്‍ സ്വര്‍ണ്ണം കാണാതായെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഇത് സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായിട്ട് ഇതിന്റെ ചുമതല മാറുമ്പോള്‍ ഉദ്യോഗസ്ഥന്‍ കൃത്യമായ കണക്ക് ബോധിപ്പിക്കാറില്ല. ഇതുസംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയാണോ, സ്വര്‍ണ്ണം കാണാതായതാണോ എന്ന് പരിശോധനയ്ക്ക് ശേഷം അറിയാമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. അതേസമയം ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തില്‍ കുറവില്ലെന്നും എല്ലാ വിവരങ്ങളും മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. ശബരിമലയിലെ വഴിപാട് മറിച്ചുളള പ്രചാരണം ശബരിമലയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നും സ്‌ട്രോങ് റൂം തുറക്കേണ്ട ആവശ്യമില്ലെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

Exit mobile version