വരുമാനമില്ലാത്തതുകൊണ്ട് ചികിത്സ കിട്ടാതെ മരണപ്പെടുന്ന സാഹചര്യം ഒരു രോഗിക്കും ഉണ്ടാവരുത്, സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തമാക്കും : മുഖ്യമന്ത്രി

കൊയിലാണ്ടി നഗരസഭ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്സ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വരുമാനമില്ലാത്തതുകൊണ്ട് ചികിത്സ കിട്ടാതെ മരണപ്പെടുന്ന സാഹചര്യം ഒരു രോഗിക്കും ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തമാക്കുമെന്നും, മെഡിക്കല്‍ കോളേജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെ മികച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

‘കൊയിലാണ്ടി നഗരസഭ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്സ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ്. ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനാവശ്യമായ ടെസ്റ്റുകള്‍ക്ക് രോഗികളെ നിര്‍ബന്ധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.

വരുമാനത്തിനപ്പുറം വരുമാനമുണ്ടാക്കാമെന്ന് ചിന്തിക്കരുത്. ഇതിന് തെറ്റായ മാര്‍ഗം സ്വീകരിക്കരുത്. രോഗീസൗഹൃദമാകണം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമീപനം’ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

‘രോഗീസൗഹൃദമാകണം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമീപനം, വലിയ തിരക്ക് ആശുപത്രികളില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗികളോട് ഡോക്ടര്‍മാര്‍ സഹാനുഭൂതി പ്രകടിപ്പിക്കണമെന്ന്’ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വരുമാനമില്ലാത്തതുകൊണ്ട് ചികിത്സ കിട്ടാതെ മരണപ്പെടുന്ന സാഹചര്യം ഒരു രോഗിക്കും ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തമാക്കും. മെഡിക്കല്‍ കോളേജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെ മികച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും.

കൊയിലാണ്ടി നഗരസഭ താലൂക്ക് ഹെഡ് കോര്‍ട്ടേഴ്സ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു.

വൃക്ക മാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍ ഉള്‍പ്പടെയുള്ള അവയവദാന ചികിത്സയിലും മറ്റും സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മിതമായ നിരക്കില്‍ നടത്തുന്ന ചികിത്സക്ക് വളരെ കൂടിയ തുക ചില സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് തെറ്റായ പ്രവണതയാണ്.

അവയവദാന ചികിത്സക്ക് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. എല്ലാവര്‍ക്കും ചികിത്സ ലഭ്യമാകുമ്പോള്‍ അമിതമായ തുക ഈടാക്കുന്ന സാഹചര്യമുണ്ടാവരുത്. സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ്. ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനാവശ്യമായ ടെസ്റ്റുകള്‍ക്ക് രോഗികളെ നിര്‍ബന്ധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വരുമാനത്തിനപ്പുറം വരുമാനമുണ്ടാക്കാമെന്ന് ചിന്തിക്കരുത്. ഇതിന് തെറ്റായ മാര്‍ഗം സ്വീകരിക്കരുത്.

രോഗീസൗഹൃദമാകണം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമീപനം. വലിയ തിരക്ക് ആശുപത്രികളില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗികളോട് ഡോക്ടര്‍മാര്‍ സഹാനുഭൂതി പ്രകടിപ്പിക്കണം. പരുക്കന്‍ പെരുമാറ്റം പാടില്ല. പൊതുജനാരോഗ്യ രംഗം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ ആരോഗ്യപ്രവര്‍ത്തകരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഇടപെടണം.

ഡോക്ടര്‍മാര്‍ ബോധവല്‍ക്കരണത്തിന് സഹായിക്കണം. പൊതുസമൂഹത്തെ ജാഗ്രതയുള്ളവരാക്കണം. പകര്‍ച്ചവ്യാധി വരാതിരിക്കാനുള്ള മുന്‍കരുതലായി പരിസരശുചിത്വം സമൂഹം പ്രധാനമായി കാണണം. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും രോഗം പിടിപ്പെട്ടാല്‍ മികച്ച ചികിത്സ ഉറപ്പു വരുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

20 കോടി രൂപ ചിലവില്‍ ആറ് നിലയിലാണ് കെട്ടിടംനിര്‍മ്മിച്ചിരിക്കുന്നത്. ദിവസേന 2500ല്‍ അധികം ആളുകളാണ് ചികിത്സക്കായി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. കഴിഞ്ഞ മാസം ഒ.പി.വിഭാഗവും, അത്യാഹിത വിഭാഗവും, കുട്ടികളുടെ വാര്‍ഡും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

Exit mobile version