തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പരിക്കേറ്റു

12 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഒന്നരമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ ഭാഗികമായി അണയ്ക്കാന്‍ സാധിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വ്യാപാരസ്ഥാപനത്തിലുണ്ടായ തീപിടിത്തം ഭാഗികമായി നിയന്ത്രണവിധേയമായെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. 12 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഒന്നരമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ ഭാഗികമായി അണയ്ക്കാന്‍ സാധിച്ചത്.

തീ ആളിപ്പടരുന്നതിന് തൊട്ടടുത്തുള്ള പവ്വര്‍ ഹൗസ് റോഡിലെ നാല് ട്രാന്‍ഫോര്ഡമറുകള്‍ കെഎസ്ഇബി ഓഫ് ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരിക്കേറ്റു. ചെങ്കല്‍ ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്.

അതേസമയം, കെട്ടിടത്തിന്റെ പുറകുവശത്തെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനായി വിമാനത്താവളത്തിലെ പാന്തര്‍ ഉള്‍പ്പെടെയുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്.

രണ്ട് മണിക്കൂറിന് ശേഷവും തീ പൂര്‍ണ്ണമായും അണയ്കക്കാന്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എംജി റോഡില്‍ ഇതുവഴിയുള്ള ഗതാഗതമെല്ലാം നിയന്ത്രിച്ചിട്ടുണ്ട്. രൂക്ഷമായ ഗതാഗത കുരിക്കാണ് തലസ്ഥാന നഗരത്തില്‍ അനുഭവപ്പെടുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്‌സും പോലീസും ജില്ലാ ഭരണകൂടവും ഒരുമിച്ചാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Exit mobile version