തിരുവനന്തപുരത്ത് പെരുമഴയും, വെള്ളക്കെട്ടും; ജനവാസ കേന്ദ്രങ്ങളില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു, പിടികൂടിയത് 10 എണ്ണം

വനം വകുപ്പ് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് പത്തോളം പെരുമ്പാമ്പുകളെയാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ തുടര്‍ച്ചയായ മഴ കാരണം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നു. വനം വകുപ്പ് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് പത്തോളം പെരുമ്പാമ്പുകളെയാണ്.

നെയ്യാറിലും കരമനയാറിലും മലവെള്ളം ഇറങ്ങിയതോടെയാണ് പെരുമ്പാമ്പ് ശല്യം കൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ വെള്ളനാട് നിന്നും കുളപ്പടയില്‍ നിന്നും രണ്ട് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്.

വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ചിലെ ആര്‍ ആര്‍ ടി റോഷ്‌നിയാണ് രണ്ടു പാമ്പുകളെയും പിടികൂടിയത്. പാമ്പിന് 35 കിലയോളം ഭാരം വരും. വെള്ളനാട് സ്വദേശിനി ജയയുടെ പുരയിടത്തില്‍ നിന്നാണ് ഒരെണ്ണത്തെ പിടികൂടിയത്. കുളപ്പടയില്‍ റോഡരികില്‍ നിന്നും സമീപത്തെ പുരയിടത്തില്‍ കയറുന്നതിനിടെയാണ് രണ്ടാമത്തേതിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ആര്യനാട് കരമനയാറില്‍ കാണാതായ ആളിനായി തെരച്ചില്‍ നടത്തുനിന്നതിനിടെ പെരുമ്പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ആര്യനാട് പമ്പ് ഹൌസിനു സമീപം ഈറകള്‍ക്കിടയില്‍ വലിയ പാമ്പിനെ കണ്ടെന്നാണ് സംഘം പറഞ്ഞത്.

അതേസമയം, വീടുകളുടെ പരിസരം വൃത്തിയാക്കുവാനും, തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടിവയ്ക്കരുതെന്നും വനം വകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Exit mobile version