രാജാവാണെങ്കിലും നാട്ടുകാരെ അറിയിച്ച് ധ്യാനിക്കരുത്; പ്രധാനമന്ത്രിയുടെ ധ്യാനത്തെ പരോക്ഷമായി വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദഗിരി

നരേന്ദ്ര മോഡിയുടെ കേദാര്‍നാഥ് ഗുഹയിലെ ധ്യാനത്തെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.

തിരുവനന്തപുരം: നരേന്ദ്ര മോഡിയുടെ കേദാര്‍നാഥ് ഗുഹയിലെ ധ്യാനത്തെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്കിലൂടെയാണ് ഭഗവദ്ഗീതയിലെ ധ്യാനത്തെ പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉദ്ധരിച്ച് സന്ദീപാനന്ദ ഗിരി കുറിപ്പ് എഴുതിയത്.

ആരോരുമില്ലാത്ത ശുചിയായ സ്ഥലത്ത് അധികം ഉയരത്തിലല്ലാത്തതും എന്നാല്‍ താഴ്ചയിലുമല്ലാത്ത സമതലമായ ഒരിടത്ത് വസ്ത്രം, മാന്‍തോല്‍, ദര്‍ഭപുല്ല് എന്നിവ മേല്‍ക്കുമേല്‍ ക്രമമായി വിരിച്ച് ഇരിപ്പിടം തയ്യാറാക്കി മനസ്സിനെ ഏകാഗ്രമാക്കി ശരീരം, ശിരസ്സ്, കഴുത്ത്, ഇവയൊന്നും ചലിപ്പിക്കാതെ നേര്‍ രേഖയിലെന്നവണ്ണം നിര്‍ത്തി അങ്ങുമിങ്ങും നോക്കാതെ മൂക്കിന്റെ അഗ്രത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഭയം കൂടാതെ ബ്രഹ്മചര്യവ്രതം സ്വീകരിച്ച് സ്വരൂപത്തെ തന്നെ ധ്യാനിച്ചുകൊണ്ടിരിക്കണം.
(രാജാവാണെങ്കിലും നാട്ടുകാരെ അറിയിച്ച് ധ്യാനിക്കരുതെന്ന് സാരം.)’- സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മോഡിയുടെ കേദാര്‍നാഥ് സന്ദര്‍ശത്തെ പരിഹസിച്ച് നടന്‍ പ്രകാശ് രാജും രംഗത്ത് എത്തിയിരുന്നു. ദ് ലൈ ലാമ (നുണയനായ ലാമ) എന്നാണ് മോഡിയെ പ്രകാശ് രാജ് വിശേഷിപ്പിച്ചത്. വസ്ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം മുടക്കുന്ന, ഒരു പഴ്സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി മോഡിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കളിയാക്കി.

Exit mobile version