വിദ്യാസമ്പന്നരായ മലയാളികള്‍ സുപ്രീം കോടതിവിധി അനുസരിക്കുമെന്ന് കരുതിയാണ് എത്തിയത്..! ദര്‍ശനം നടത്താതെ മടങ്ങിയതില്‍ നിരാശയുണ്ട്; ആന്ധ്ര സ്വദേശിനി

പത്തനംതിട്ട: സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് അനുസരിച്ച് ദര്‍ശനത്തിനെത്തി, എന്നാല്‍ നിരാശയോടെ മടങ്ങേണ്ടിവന്നു.. സങ്കടം പങ്കുവെച്ച് ആന്ധ്ര സ്വദേശിനികള്‍ രംഗത്ത്.വിദ്യാസമ്പന്നരായ മലയാളികളള്‍ സുപ്രീം കോടതിവിധി അനുസരിക്കുമെന്ന് കരുതിയാണ് എത്തിയതെന്ന് ആന്ധ്ര സ്വദേശിനി മഹേശ്വരി വ്യക്തമാക്കി.

‘മലയാളികളെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണ ഇതല്ലായിരുന്നു. ഇവിടെയെത്തിയപ്പോഴാണ് പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞത്. ആരുടെയും വിശ്വാസം ലംഘിച്ച് ഞങ്ങള്‍ക്ക് മലകയറാന്‍ താത്പര്യമില്ല. അടുത്തതവണ വരുമ്പോഴേക്കും ഞങ്ങള്‍ക്കും മലകയറാന്‍ സാധിക്കുമെന്ന് കരുതുന്നു’ മഹേശ്വരി പറഞ്ഞു.

ആന്ധ്രയിലെ അമരാവതിയില്‍ നിന്നുമാണ് മഹേശ്വരി എത്തിയത്. ആന്ധ്രയില്‍ നിന്നെത്തിയ 350 ഭക്തരുടെ സംഘത്തില്‍ പെട്ടയാളാണ് മഹേശ്വരി. വന്നവരില്‍ 200 സ്ത്രീകള്‍ യുവതികളായിരുന്നുവെന്ന് മഹേശ്വരി പറഞ്ഞു. മഹേശ്വരിയടങ്ങുന്ന സംഘം പമ്പയിലെത്തിയപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ തടഞ്ഞു. ആരുടെയും വിശ്വാസം ലംഘിക്കാന്‍ വന്നവരല്ലെന്ന് പറഞ്ഞ് ഇവര്‍ പിന്മാറുകയായിരുന്നു.

എല്ലാ വര്‍ഷവും മറ്റു ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനത്തിനായി എത്താറുണ്ടെന്നും ഇത്തവണ സുപ്രീം കോടതി വിധിയുടെ സന്തോഷത്തില്‍ അയ്യപ്പനെ കാണാമെന്ന് കരുതി എത്തിയതാണ് തങ്ങള്‍ എന്നും മഹേശ്വരിയുടെ സംഘത്തിലുളളവര്‍ പറഞ്ഞു.

അടുത്ത വര്‍ഷം വീണ്ടും വരുമെന്നും അപ്പോഴെക്കും കേരളത്തിലെ ഭക്തര്‍ വിധി അനുസരിക്കാന്‍ പാകപ്പെടുമെന്നുമുള്ള പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.

Exit mobile version