100 രൂപയ്ക്ക് എവിടെ വരെ പോകുമെന്ന് കുട്ടി! പൈസ ഇല്ലേടാ നിന്റെ കൈയ്യിലെന്ന് മറുചോദ്യവുമായി കണ്ടക്ടറും; ഈറനണിയിക്കും കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറുടെ ഈ നന്മ, കുറിപ്പ്

കൈയ്യില്‍ ആകെയുള്ള നൂറു രൂപയുമായിട്ടാണ് ഈ കുട്ടി ബസില്‍ കയറിയത്.

ഇടുക്കി: ആനവണ്ടി എന്ന നാമത്തില്‍ അറിയപ്പെടുന്ന കെഎസ്ആര്‍ടിസിയോട് പറഞ്ഞറിയിക്കാനാകാത്ത ഇഷ്ടമാണ് നമുക്ക് ഓരോരുത്തര്‍ക്കും. കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിച്ച നല്ല അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ചിലര്‍ തങ്ങളുടെ സ്വന്തം അനുഭവങ്ങളാണ് പങ്കുവെച്ചത്. മറ്റ് ചിലര്‍ കണ്‍മുന്‍പില്‍ കണ്ടതാവും വെളിപ്പെടുത്തുന്നത്. എങ്ങനെ ആയാലും നന്മ മനസുകളുടെ കൂടാരമാണ് കെഎസ്ആര്‍ടിസി എന്ന് എടുത്ത് പറയേണ്ടതായി തന്നെ വരും.

അത്തരത്തിലൊരു നന്മയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സെബന്‍ ബേബി മാമല എന്ന വ്യക്തിയാണ് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ നന്മ മനസ് പുറംലോകത്തിന് തുറന്ന് കാണിച്ച് കൊടുത്തത്. ‘ചില മനുഷ്യരോട് വല്ലാത്ത ഇഷ്ടം തോന്നുമെന്ന് പറയുന്നത് കാഴ്ചയിലല്ല ദേ ഇതു പോലുള്ള പ്രവൃത്തി കൊണ്ടാണ്..’ എന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഒരു കുട്ടിയും കണ്ടക്ടറും തമ്മിലുള്ള സംസാരത്തിന്റെ അനുഭവത്തിന്റെ കുറിപ്പാണ് വൈറലാകുന്നത്.

സംഭവം ഇങ്ങനെ;

കൈയ്യില്‍ ആകെയുള്ള നൂറു രൂപയുമായിട്ടാണ് ഈ കുട്ടി ബസില്‍ കയറിയത്. പോകേണ്ടത് കോട്ടയത്ത് നിന്ന് കട്ടപ്പനയിലേക്ക് ആയിരുന്നു. ബസ് മുന്നോട്ട് നീങ്ങി. ടിക്കറ്റ് നല്‍കാനായി കണ്ടക്ടറും എത്തി. അവന്‍ ചോദിച്ചു സാറെ ഒരു കട്ടപ്പന. 119 രൂപ. കണ്ടക്ടര്‍ മറുപടി നല്‍കി. അയ്യോ സാറെ അതിന് മുന്‍പുള്ള സ്റ്റോപ്പ് എത്രയാവും. അത് കാഞ്ചിയാര്‍ 113 രൂപ.

കണ്ടക്ടര്‍ മറുപടി നല്‍കിയതോടെ അവന്റെ മുഖം ആകെ വാടി. സാറെ 100 രൂപയ്ക്ക് എവിടെ വരെ പോകുമോ അവിടെ വരെയുള്ള ടിക്കറ്റ് തരൂ. അവന്റെ ആ ചോദ്യത്തിന് മുന്നില്‍ കണ്ടക്ടര്‍ക്ക് കാര്യം മനസിലായി. പൈസ ഇല്ലേടാ നിന്റെ കൈയ്യില്‍.. സാറെ 100 രൂപയേ ഉള്ളൂ അതാ… അവന്‍ പറഞ്ഞു. കണ്ടക്ടര്‍ ടിക്കറ്റ് നല്‍കി. അവന്റെ മുഖത്ത് അമ്പരപ്പായിരുന്നു.

119 രൂപയുടെ ടിക്കറ്റാണ് നല്‍കിയിരിക്കുന്നത്. വാക്കുകളില്ലാതെ അവന്റെ കൈയ്യിലുള്ള പണം നല്‍കി. 100 ന്റെ ഒറ്റനോട്ടായിരുന്നില്ല അവന്‍ നല്‍കിയത്. ചില്ലറയായി നല്‍കിയ ആ പണം എണ്ണിനോക്കാതെ ഒരു ചിരി സമ്മാനിച്ച് കണ്ടക്ടര്‍ ബാഗിലേക്കിട്ട് മുന്നോട്ട് നടന്നു.’ അനുഭവം പങ്കുവച്ച് യുവാവ് കുറിച്ചു. കെഎസ്ആര്‍ടിസി നഷ്ടത്തിലാണെങ്കിലും തികഞ്ഞ നന്മയുടെ ലാഭത്തിലോടുന്ന ഈ കണ്ടക്ടര്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് സൈബര്‍ ലോകം നല്‍കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കയ്യില്‍ ആകെ ഉള്ളത് 100 രൂപ ആ കുട്ടിക്കു kottayam 2 kattappana വരണം ?കിട്ടിയ ഒരു kSRTC ?ബസ്സില്‍ കേറി ടിക്കറ്റ് ചോദിച്ചു 119 രൂപ …..അതിനു മുന്‍പ് ഉള്ള സ്റ്റോപ്പ് ചോദിച്ചു കാഞ്ചിയാര്‍ 113 രൂപ …..ഇത് കേട്ട് കണ്ടക്ടര്‍ കുട്ടിയോട്…….. പൈസ ഇല്ലേ ഡാ കൈയില്‍ …..എന്റെ കൈയില്‍ 100 രൂപയെ ഉള്ളു ….ഇതിനു പോവാന്‍ പറ്റുന്ന സ്ഥലത്തു ഞാന്‍ ഇറങ്ങികൊള്ളാം….ഉള്ളത് തരാന്‍ പറഞ്ഞ കണ്ടക്ടര്‍ 119 ന്റെ ടിക്കറ്റ് കൈയില്‍ കൊടുത്തു …………കൊടുത്ത പൈസയില്‍ കുറച് നാണയ തുട്ടുകള്‍ ഉണ്ടായിരുന്നു……ആഹ് ചില്ലറ എണ്ണി പോലും നോക്കാതെ അദ്ദേഹം ബാഗില്‍ ഇട്ടപ്പോള്‍ അഹ് കുട്ടിയുടെ മനസ്സില്‍ എന്താവും തോന്നിയിട്ടുണ്ടാവുക ….,….? ഒരു ചെറു പുഞ്ചിരി മാത്രം അദ്ദേഹത്തിന് സമ്മാനിച്ചു അഹ് കുട്ടി ബസില്‍ യാത്രയായി ………KL 15 A10 21

Exit mobile version