ഫോനി ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷയ്ക്ക് കൈത്താങ്ങുമായി കോഴിക്കോടന്‍ കൂട്ടായ്മ

സംസ്ഥാനത്തെ വിവിധ കളക്ഷന്‍ പോയിന്റുകളില്‍ നിന്നും ശേഖരിക്കുന്ന അവശ്യ വസ്തുക്കള്‍ ഒഡീഷയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് എത്തിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.

കോഴിക്കോട്: ഫോനി ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷയ്ക്ക് കൈത്താങ്ങുമായി റൈസ് അപ്പ് ഫോറം ഫേസ്ബുക്ക് കൂട്ടായ്മ. സംസ്ഥാനത്തെ വിവിധ കളക്ഷന്‍ പോയിന്റുകളില്‍ നിന്നും ശേഖരിക്കുന്ന അവശ്യ വസ്തുക്കള്‍ ഒഡീഷയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് എത്തിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍.

കേരളത്തിലെ പ്രളയ കാലത്ത് ദുരിതമനുഭവിച്ചവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു കൊണ്ടാണ് റൈസ് അപ്പ് ഫോറം എന്ന ഫേസ്ബുക്ക് കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളം അനുഭവിച്ചതിന്റെ ഇരട്ടിയിലധികം വരും ഒഡിഷയിലെ ദുരന്തമെന്ന് ഇവര്‍ പറയുന്നു. ദുരിതമനുഭവിച്ചവര്‍ക്ക് മുഴുവനും ഇപ്പോഴും സഹായം കിട്ടിയിട്ടില്ല.

പ്രവര്‍ത്തനത്തെക്കുറിച്ച് അറിഞ്ഞതോടെ കോഴിക്കോട് ഡിടിപിസി ഓഫീസില്‍ ജില്ല കളക്ടര്‍ ഇവര്‍ക്കായി കളക്ഷന്‍ പോയിന്റ് ഒരുക്കി ഒപ്പം നിന്നു. വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുമ്പോഴേക്കും പഠന സാമഗ്രികള്‍ എത്തിക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ആവശ്യമായ പഠന സാമഗ്രികള്‍ കോഴിക്കോട് ഡിടിപിസി ഓഫീസില്‍ ശേഖരിച്ച് തുടങ്ങി.

Exit mobile version